കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ റോട്ടറി കൊച്ചിൻ കോസ്‌മോസ് നടപ്പാക്കുന്ന 'കാവൽക്കാർക്ക് കരുതൽ' പദ്ധതിക്ക് തുടക്കമായി. എറണാകുളത്തെ നാല് പൊലീസ് സ്റ്റേഷനുകൾക്കാണ് കൊവിഡുമായി ബന്ധപ്പെട്ട് ദീർഘകാലം നീണ്ടുനിൽക്കുന്ന പദ്ധതി ലഭ്യമാക്കുക.
പൊലീസുകാർക്ക് പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന 100 മില്ലി ലിറ്റർ സാനിറ്റൈസർ, നിറയ്ക്കാൻ റീഫിൽ സ്റ്റോക്ക്, ഓഫീസർമാർക്ക് ഫേസ് ഷീൽഡ്, മാസ്‌ക്, ഗ്ലൗസ് എന്നിവയാണ് നൽകുക. തേവര, കടവന്ത്ര, മരട്, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ ഉത്പന്നങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ പ്രയോജനം സ്‌റ്റേഷനുകളിലായി 210 പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കും.
പൊലീസ് ഇൻസ്പെക്ടർമാരായ കെ.ജി. അനീഷ് (തേവര), സാബുജി എം.എ.എസ് (കടവന്ത്ര), വിനോദ് സി (മരട്), രാജ്കുമാർ പുരുഷോത്തമൻ (ഹിൽപാലസ്) എന്നിവർ ഏറ്റുവാങ്ങി. റോട്ടറി ക്ലബ് പ്രസിഡന്റ് വെങ്കടേഷ് ത്യാഗരാജൻ, സെക്രട്ടറി വിനീത് നമ്പ്യാർ, സാമൂഹിക സേവനവിഭാഗം ചെയർമാൻ എം.എൻ. അരുൺ തുടങ്ങിയവർ വിതരണം നിർവഹിച്ചു.