high-court

കൊച്ചി: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അദ്ധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പദ്മരാജന് പോക്സോ കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഇരയുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ ഇരയുടെ മൊഴിയും മെഡിക്കോ ലീഗൽ പരിശോധനാ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പോക്സോ കുറ്റം ചുമത്താതെ കുറ്റപത്രം നൽകിയതിലാണ് പദ്മരാജന് ജാമ്യം ലഭിച്ചതെന്ന് ഹർജിയിൽ പറയുന്നു.

പദ്മരാജന്റെ ജാമ്യാപേക്ഷ ജൂലായ് എട്ടിന് ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചകഴിഞ്ഞ് തലശേരി പോക്‌സോ കോടതിയാണ് പ്രതിക്ക് ജാമ്യം നൽകിയത്. രാഷ്ട്രീയസ്വാധീനമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാനും സ്കൂൾരേഖകളിൽ തിരുത്തൽ വരുത്താനും സാദ്ധ്യതയുള്ളതിനാൽ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.