കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്‌റ്റംസ് പ്രിവന്റീവ് സംഘത്തിൽ മാറ്റമില്ല. കേസിൽ നേരിട്ട് ഇടപെടുന്നത് എട്ട് ഉദ്യോഗസ്ഥരാണ്. ഇവർക്കാർക്കും മാറ്റമില്ല.
അന്വേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത സൂപ്രണ്ടുമാരായ ജോസഫ്, രാമസ്വാമി എന്നിവരെയാണ് പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായി മാതൃയൂണിറ്റായ കസ്‌റ്റംസിലേക്ക് കമ്മിഷണർ മുഹമ്മദ് യൂസഫ് തിരികെ വിളിച്ചത്. ഓഫീസിലിരുന്ന് മലയാളത്തിലുള്ള മൊഴികൾ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യുന്നവരാണ് ഈ ഉദ്യോഗസ്ഥർ. എന്നാൽ സ്ഥലംമാറ്റത്തിൽ കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഉന്നത ഉദ്യോഗസ്ഥരെ എതിർപ്പ് അറിയിച്ചതോടെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു.
കസ്‌റ്റംസ്, സെൻട്രൽ എക്സൈസ് എന്നിവിടങ്ങളിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് ഡെപ്യൂട്ടേഷനിൽ കസ്‌റ്റംസ് പ്രിവന്റീവിലേക്ക് വരുന്നത്. ഇവരെ നിയോഗിക്കുന്നതും തിരികെ വിളിക്കുന്നതും അതത് യൂണിറ്റ് കമ്മിഷണർമാരുടെ അധികാരമാണ്. തന്റെ കീഴിലെ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുമ്പോൾ മുൻകൂട്ടി അറിയിക്കാമായിരുന്നെന്നാണ് സുമിത്കുമാറിന്റെ പരാതി. സ്ഥലംമാറ്റിയ ഉദ്യോഗസ്ഥർക്ക് പകരക്കാരെയും നിയോഗിച്ചിരുന്നു.