കൂത്താട്ടുകുളം: മൺമറഞ്ഞ ജനനായകരുടെ ഓർമ്മ നിലനിർത്തുന്നതിന് കൂത്താട്ടുകുളം നഗരസഭാ ഭരണസമിതി റോഡുകൾക്കും സ്ഥാപനങ്ങൾക്കും പഴയകാല നേതാക്കളുടെയും ജനപ്രതിനിധികളുടെയും മഹദ് വ്യക്തികളുടെയും പേരുകൾ നൽകും. നാമകരണച്ചടങ്ങിന്റെ ഉദ്ഘാടനം എം. ഫിലിപ്പ് ജോർജ് അനുസ്മരണ ദിനമായ ഇന്ന് രാവിലെ 10.30ന് സ്വകാര്യ ബസ് സ്റ്റാൻഡിന് നാമകരണം ചെയ്തുകൊണ്ട് ചെയർമാൻ റോയി എബ്രാഹം നിർവഹിക്കും. വൈസ് ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷത വഹിക്കും.

കൂത്താട്ടുകുളം പഞ്ചായത്ത്‌ മുൻപ്രസിഡന്റും പ്രഥമ നഗരസഭാ അഡ്വൈസറി കമ്മിറ്റി ചെയർമാനുമായിരുന്ന എം. ഫിലിപ് ജോർജിന്റെ സ്മരണാർത്ഥം നഗരസഭാ ബസ് സ്റ്റാൻഡിന്‌ അദ്ദേഹത്തിന്റെ പേര് നൽകും. നഗരസഭാ സ്റ്റേഡിയം മുൻ ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ് ഡേവിഡ് രാജൻ സ്മാരകമാകും. സി.ജെ. സ്മാരകത്തിന് സമീപമുള്ള വനിതാ വ്യവസായ കേന്ദ്രത്തിന് സ്വാതന്ത്ര്യസമരസേനാനി കൂത്താട്ടുകുളം മേരിയുടെയും വനിതാവിശ്രമകേന്ദ്രത്തിന് കവയിത്രി മേരിജോൺ കൂത്താട്ടുകുളത്തിന്റെയും പേരുകൾ നൽകും. നടപ്പുറം ബൈപ്പാസ് റോഡിന് പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ് കെ.ജെ. ജോസഫിന്റെയും ശ്രീധരീയം ബൈപാസ് റോഡിന് ആയുർവേദ ആചാര്യൻ ഡോ. എൻ.പി. പി.നമ്പൂതിരിയുടെയും ചെള്ളക്കപ്പടി - തിരുമാറാടി റോഡിന് പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ജേക്കബ് ഫിലിപ്പിന്റെയും ദേവമാതാ റോഡിന് പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ് കെ.എം. എബ്രാഹിമിന്റേയും അശ്വതി - വരകുപാറ റോഡിന് കെ.ജെ. ഏലിയാസിന്റെയും വടകര- കുങ്കുമശേരി റോഡിന് റവ. ഡോ. എബ്രഹാം വടക്കേലിന്റെ പേരും ഉൾപ്പടെ 49 പേരുകളാണ് നൽകിയിരിക്കുന്നത്.