കൊച്ചി: കൊവിഡ് ലക്ഷണമുള്ളവരെ ചികിത്സിക്കുന്നതിന് കൊച്ചി കോർപ്പറേഷന് കീഴിൽ ആരംഭിക്കുന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തിങ്കളാഴ്ചയോടെ പ്രവർത്തനസജ്ജമാകും. മൂന്നിടങ്ങളിലായി 190 കിടക്കകളുള്ള സെന്ററുകളാണ് ഒരുക്കുന്നത്. മട്ടാഞ്ചേരി ടൗൺഹാളിൽ 90 കിടക്കകളും പള്ളുരുത്തി കമ്മ്യൂണിറ്റി ഹാളിൽ 60 കിടക്കകളും ഇടക്കൊച്ചി പണ്ഡിറ്റ് കറുപ്പൻ ഹാളിൽ 40 കിടക്കകളും ഉണ്ടാകും. മൂന്നിടത്തെയും ക്രമീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പറഞ്ഞു. തിങ്കളാഴ്ചയോടെ പ്രവർത്തനം തുടങ്ങും.
ഫ്രണ്ട് ഓഫീസ്, കൺസൾട്ടിംഗ് റൂം, നഴ്‌സിംഗ് റൂം, ബാത്ത് റൂം, രോഗികൾക്ക് വസ്ത്രങ്ങൾ മാറാനുള്ള ഡ്രസിംഗ് റൂം തുടങ്ങിയവ ഓരോ കേന്ദ്രത്തിലുമുണ്ടാകും. കട്ടിലുകളും ബഡുകളും ഏതാണ്ട് സജീകരിച്ചുകഴിഞ്ഞു. കിടക്കകൾ തമ്മിൽ വേർതിരിക്കുന്ന സ്റ്റാൻഡ് സ്ഥാപിക്കലാണ് അവശേഷിക്കുന്നത്. സമീപത്തെ ഹെൽത്ത് സെന്റർ, താലൂക്ക് ആശുപത്രി എന്നിവയുമായി സഹകരിച്ചാവും സെന്ററുകൾ പ്രവർത്തിക്കുക.രോഗികളുടെ എണ്ണം ഓരോദിവസവും വർദ്ധിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിർദ്ദേശപ്രകാരം സെന്ററുകൾ ആരംഭിക്കുന്നത്.
കൊവിഡ് പോസിറ്റീവ് ആകുന്നവരെയും ചെറിയ ലക്ഷണങ്ങൾ ഉള്ളവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുക. ഗുരുതരാവസ്ഥയിലുള്ളവരെ കൊവിഡ് ഹോസ്പിറ്റലായ എറണാകുളം മെഡിക്കൽകോളജിലേക്ക് മാറ്റും. ഇതു കൂടാതെ ഓരോ ഡിവിഷനിലും പുതിയ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് കൗൺസിലർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോർപ്പറേഷന്റെ ഒട്ടുമിക്ക ഡിവിഷനുകളിലും കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഡിവഷനുകളെല്ലാം കണ്ടെയിൻമെന്റ് സോണുകളുമാണ്. അടുത്തടുത്ത വാർഡുകൾ കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുകയാണെങ്കിൽ കൂടുതൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തുടങ്ങേണ്ടിവരുമെന്നാണ് കോർപ്പറേഷൻ അധികൃതർ കരുതുന്നത്.