road
കുറ്റിയാൽ ഊഴം കടവ് റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായ നിലയിൽ

നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ കുറ്റിയാൽ - ഊഴം കടവ് റോഡ് തകർന്നടിഞ്ഞ് സഞ്ചാര യോഗ്യമാല്ലാതായി. കുറ്റിയാൽ മുതൽ അയിരൂർ ജംഗ്ഷൻ വരെയുള്ള റോഡാണ് തകർന്നത്.

അഞ്ച് വർഷം മുമ്പ് പി.ഡബ്ല്യു.ഡി റോഡ് പുനർനിർമ്മാണത്തിനായി തുക അനുവദിച്ചെങ്കിലും അഴിമതിയാരോപിച്ച് ചിലർ കോടതിയെ സമീപിച്ചതോടെ നിലച്ചു. കേസ് അവസാനിക്കാതെ റോഡ് ടാറിംഗ് നടത്താനാകില്ലെന്ന അവസ്ഥയാണിപ്പോൾ.

നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല

നേരത്തെ വലിയ കുഴപ്പമില്ലാതെ യാത്ര ചെയ്യാമായിരുന്നെങ്കിലും 2018 ലെ പ്രളയത്തിൽ റോഡ് പൂർണമായി തകർന്നു. മഴ പെയ്താൽ പലയിടത്തും കാൽനട യാത്ര പോലും അസാധ്യമാണ്. നാട്ടുകാർ നിരവധി തവണ നിവേദനങ്ങളുമായി വിവിധ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.

അപകടക്കെണി

750 ഓളം വിദ്യാർഥികൾ പഠിക്കുന്ന സെന്റ് ആർനോൾഡ് സ്‌കൂളും ഇവിടെ പ്രവർത്തിക്കുന്നു. ഏറെ കഷ്ടപ്പെട്ടാണ് വിദ്യാർഥികളെയും കൊണ്ട് സ്‌കൂൾ വാഹനങ്ങൾ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും ഏഴ് വയസുള്ള കുട്ടിയും റോഡിലെ കുഴിയിൽ ചാടി അപകടത്തിൽപെട്ടിരുന്നു.