കരുമാല്ലൂർ : കൊവിഡ് സാമൂഹവ്യാപനം മുന്നിൽക്കണ്ട് കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സർക്കാർ പ്രഖ്യാപിച്ച കർഫ്യൂ നിലവിൽ വന്നു. ഈ മേഖലയിലെ ജനജീവിതം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നു. ഇരു പഞ്ചായത്തുകളുടേയും അതിർത്തികൾ രണ്ടുദിവസമായി അടച്ചു കൊണ്ടിരിക്കുകയാണ്. മറ്റു പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന തത്തപ്പിള്ളി പാലം, തിരുമുപ്പം - ചേരപ്പാടം റോഡ്, ഓളനാട് ജനത റോഡ്, കൂനമ്മാവ് സെമിത്തേരി റോഡ്, ഷെഡ്പടി റോഡ് ഈ വഴികളെല്ലാം അടച്ചു. വ്യവസായകേന്ദ്രമായ ഏലൂർ, എടയാർ എന്നിവിടങ്ങളിലേക്ക് ജോലിക്ക് പോകുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. ചെറിയ റോഡുകൾ വരെ അടച്ചിട്ടതോടെ ജോലി സ്ഥലത്ത് എത്താൻ കഴിയാതെ തിരിച്ചു വീട്ടിലേക്ക് പോകേണ്ട അവസ്ഥയുണ്ടായി.

ആലങ്ങാട് പഞ്ചായത്തിനെ അപേക്ഷിച്ച് കരുമാല്ലൂർ പഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് തെക്ക് പ്രദേശങ്ങൾ പൂർണമായും അടച്ചു. കരുമാല്ലൂർ - ആലങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നീറിക്കോട് - തട്ടാംപടി എം.എൽ.എ റോഡ്, കോട്ടപ്പുറം - കൂനമ്മാവ് റോഡ് എന്നിവയും അടച്ചിട്ടുണ്ട്.