ആലുവ: കൊവിഡ് രോഗ വ്യാപനത്തെത്തുടർന്ന് ആലുവയിലും സമീപ പഞ്ചായത്തുകളിലും കർഫ്യൂ ഏർപ്പെടുത്തിയതോടെ ജനം പൂർണമായി വീടുകളിലേക്കൊതുങ്ങി. നഗരം മാത്രമല്ല ഗ്രാമീണ മേഖലകളും നിശ്ചലമായി.
രണ്ടാഴ്ചയോളമായി ആലുവ നഗരസഭയും കീഴ്മാട് ഗ്രാമപഞ്ചായത്തും പൂർണമായും സമീപ പഞ്ചായത്തുകളിലെ ചില വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലായിരുന്നുവെങ്കിലും അത്യാവശ്യക്കാർ പുറത്തിറങ്ങുന്നുണ്ടായിരുന്നു. അവശ്യസാധനങ്ങൾ വാങ്ങാനെന്ന പേരിലും ആശുപത്രികളിലേക്കുമെന്ന പേരിലുമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇന്നലെ ഇത്തരത്തിലുള്ളവരെയും കാണാനില്ലായിരുന്നു. പലചരക്ക് കടകൾ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവർത്തിക്കാൻ അനുവദിക്കുന്നത്. അതിനാൽ രണ്ടിനുശേഷം പൂർണമായും റോഡുകൾ വിജനമായി. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് വൈകിട്ടുവരെ തുറന്നത്. ആലുവയിൽ ദേശീയപാതയിൽ മാത്രമാണ് തടസമില്ലാതെ ഗതാഗതം നടന്നത്.
ആലുവയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തുന്നില്ല. രാവിലെ ചില സ്ഥലങ്ങളിൽ ആളുകൾ പുറത്തിറങ്ങിയതിനെത്തുടർന്ന് ഈ മേഖലകളിൽ പൊലീസ് റൂട്ട് മാർച്ചും നടത്തി. ആലുവ നഗരസഭക്ക് പുറമെ കീഴ്മാട്, എടത്തല, ചൂർണിക്കര, കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട്, ചെങ്ങമനാട് ഗ്രാമപഞ്ചായത്തുകളുകളിലുമാണ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ മേഖലയിലായി നിലവിൽ മുന്നൂറിലേറെ കൊവിഡ് രോഗികളുണ്ട്. കൂടുതൽ രോഗികൾ കീഴ്മാട്ടിലാണ്. ഇവിടെ 130 ഓളം പേരുണ്ട്. എടത്തലയാണ് രണ്ടാം സ്ഥാനത്ത് ഇവിടെ 30 ലധികം പേരുണ്ട്. കൊവിഡിന്റെ ഉറവിടം ആലുവ മാർക്കറ്റ് ആണെങ്കിലും രോഗികളായ നഗരവാസികൾ 30ൽ താഴെ പേരാണ്. മറ്റുള്ളവരെല്ലാം സമീപ പഞ്ചായത്തുകളിൽ താമസിക്കുന്നവരാണ്.