മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ടാക്‌സി ഡ്രൈവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെങ്കിലും ഉറവിടം കണ്ടെത്താത്തതിനെ തുടർന്ന് സമൂഹവ്യാപനത്തിന് സാധ്യതയുണ്ടന്ന ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്തിൽ കണ്ടെയ്‌മെന്റ് സോണിന് പുറമെ മുഴുവൻ പ്രദേശത്തും നിയന്ത്രണങ്ങൾ കർശനമാക്കാൻ ഉന്നതത യോഗത്തിൽ തീരുമാനിച്ചു. ബുധനാഴ്ച ആർ.ഡി.ഒയുടെ നേതൃത്വത്തിൽ എടുത്ത തീരമാനങ്ങൾക്ക് പുറമെയാണ് ഇന്നലെ പഞ്ചായത്തിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഉന്നതതല യോഗം ചേർന്നത്. യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു.
പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ 225 പേർ
രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പ്രൈമറി കോണ്ടാക്റ്റിൽ 225 പേരാണുളളതെന്നാണ് പ്രാഥമിക നിഗമനം. 150-പേരുടെ പ്രമൈറി കോണ്ടാക്റ്റ് ലിസ്റ്റാണ് ഇതുവരെ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇതിൽ 50-പേരെ കണ്ടെത്തി ക്വാറന്റൈയിനിലാക്കി. പ്രൈമറി കോണ്ടാക്റ്റിലുളള 75-ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു. പ്രൈമറി കോണ്ടാക്റ്റ് ലിസ്റ്റ് വിപുലമായതോടെ മാറാടി പഞ്ചായത്തിൽ ജനപ്രതിനിധകളടക്കം സ്വമേധയ ക്വറൻ്റൈയ്നിൽ പോയിരിക്കുകയാണ്.
നാലാം വാർഡ് കണ്ടെയ്മെന്റ് സോൺ
നാലാം വാർഡിനെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും ആൾകൂട്ടം നിരോധിച്ചു. 10-വയസിന് താഴെയുള്ള കുട്ടികളും 60-വയസിന് മുകളിലുള്ളവരും വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങരുത്. മാസ്‌ക് ധരിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. പഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും കമ്പനികളുടെയും തൊഴിൽ ശാലകളുടെയും പ്രവർത്തനം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ 10-മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നിജപ്പെടുത്തി. പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ അടയ്ക്കമുളള സർക്കാർ ഓഫീസുകളിൽനിന്ന് അവശ്യ സേവനം മാത്രം ലഭിക്കും.
നിയന്ത്രണങ്ങൾഇങ്ങനെ
പ്രാഥമിക ആരോഗ്യ കേന്ദ്രം- ഹോമിയോ, ആയുർവ്വേദ ആശുപത്രികളിൽ 50 രോഗികളെ മാത്രമെ പരിശോധിക്കുകയുള്ളു. ഇവിടെ ടോക്കണ്‍ സംവിധാനമുപയോഗിച്ച് തെരക്ക് നിയന്ത്രിക്കാനും തീരുമാനിച്ചു.
നാലാം വാർഡിലെ ക്ഷീരകർഷകരുടെ പാൽ സംഭരണത്തിന് ഉചിതമായ ക്രമീകരണം മിൽമ ഏർപ്പെടുത്തുന്നതാണ്. പഞ്ചായത്തിലെ മത്സ്യ വില്പനയും വാഹനങ്ങളിലൂടെയുള്ള വഴിയോര വില്പനയും നിരോധിച്ചു. പത്രം, ഗ്യാസ് എന്നിവയ്ക്ക് തടസമില്ലാതെ പ്രവർത്തിക്കും. ഹോട്ടലുകളിൽ പാഴ്സൽ മാത്രമാണ് നൽകാവു.