ഫോർട്ടുകൊച്ചി: ജില്ലയിലെ കണ്ടെയ്മെന്റ് സോണുകളിലെ മാലിന്യനീക്കം സംബന്ധിച്ച് മാനദണ്ഡം വൈകുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ ഒരു വിഭാഗം തൊഴിലാളികൾ ജോലിയിൽ നിന്നും വിട്ടുന്നിന്നു. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗങ്ങളിൽ എട്ട് സ്ഥലങ്ങളും ചെല്ലാനം പഞ്ചായത്തിൽ 17 വാർഡുകളുമാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചത്. മട്ടാഞ്ചേരി ഭാഗത്ത് സ്ഥിരം തൊഴിലാളികൾ താൽക്കാലിക ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പടെ 500ഓളം പേരാണ് മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. തൊഴിലാളികൾക്ക് മാസ്ക്, ഗ്ലൗസ് എന്നിവ മാത്രമേ നൽകിയിട്ടുള്ളു.പി പി.ഇ കിറ്റ് വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കോർപ്പറേഷൻ 2,3 ഹെൽത്ത്ഡി വിഷനുകളിലാണ് തൊഴിലാളികൾ പണിമുടക്കിയത്. മസ്റ്റർറോളിൽ ഒപ്പിട്ട ശേഷമാണ് വിട്ടുനിന്നത്. ഹെൽത്ത് ഓഫീസർ ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇടപെട്ടെങ്കിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ജോലി ചെയ്യാൻ കഴിയില്ലെന്നാണ് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. അടച്ച പ്രദേശങ്ങളിലെ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നിക്ഷേപിക്കുകയോ ജനപ്രതിനിധികൾ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്ത് അവിടെ നിന്ന് മാലിന്യങ്ങൾ ശേഖരിക്കാമെന്നാണ് തൊഴിലാളികൾ പറയുന്നത്. അടച്ചിട്ട പ്രദേശങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത് പൊതുജനങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഒരുപോലെ അസുഖം പിടിപെടാൻ കാരണമാകുമെന്നുനു കാണിച്ച് യൂണിയൻ പ്രതിനിധികൾ മേയർക്ക് പരാതി നൽകി.എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും യാതൊരു കാരണവശാലും മാലിന്യനീക്കം തടസപ്പെടുത്താൻ അനുവദിക്കില്ലെന്നും മേയർ യൂണിയൻ പ്രതിനിധികൾക്ക് മുന്നറിയിപ്പ് നൽകി.