കൊച്ചി: നഗരസഭാ ഭരണത്തിനെതിരെ സി.പി.എം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നെന്നും കൗൺസിൽ യോഗത്തിൽ പാർട്ടി അംഗങ്ങൾ ഉന്നയിച്ച ഉണ്ടയില്ലാ വെടിയുടെ തുടർച്ചയാണ് പാർട്ടി സെക്രട്ടറി നടത്തുന്നതെന്നും മേയർ സൗമിനി ജെയിൻ കുറ്റപ്പെടുത്തി.

യു.പി.എ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സർക്കാരിന്റെ ജനറം പദ്ധതി ഫണ്ട് ഉപയോഗിച്ചു സി.പി.എം ഭരണസമിതി 2008 ൽ 15 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചു ഉദ്ഘാടനം ചെയ്യുകയും അപാകത മൂലം ഒരു വർഷത്തിനുള്ളിൽ ചെളിയിൽ പൂണ്ടുപോവുകയും ചെയ്ത മാലിന്യ സംസ്കരണ പ്ലാന്റാണ് നഗരത്തിനു സി.പി.എം നൽകിയ സംഭാവനയെന്ന് മേയർ പറഞ്ഞു. പ്രവർത്തനക്ഷമത കുറഞ്ഞ പ്ലാന്റ് ഉപയോഗിച്ചാണ് ഇപ്പോഴും മാലിന്യ സംസ്കരണം നടത്തുന്നത്. 2016 മുതൽ ആധുനിക പ്ലാന്റ് നിർമ്മിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ ഏകോപനം ഇല്ലായ്‌മയും ചുവപ്പുനാടയും മൂലം യാഥാർത്ഥ്യമാകാത്തത്തിലുള്ള ജാള്യത മറച്ചുവയ്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
റവന്യൂ രേഖകളിൽ പുഴപുറമ്പോക്ക് എന്നു വ്യക്തമായ നഗരത്തിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട ഭൂമി അധികാരത്തിന്റെ മറവിൽ പാർട്ടി സ്വത്താക്കാനുള്ള ശ്രമം തടയുന്നതിന്റെ പേരിലുള്ള രോഷം മനസിലാക്കാൻ കഴിയും. ഇടപ്പള്ളിയിൽ നിലം തരം മാറ്റുന്ന വിഷയത്തിൽ താൻ മൂലം സർക്കാരിന് ധനനഷ്ടമുണ്ടായെന്ന് പരാതിയുണ്ടെങ്കിൽ അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടായിട്ടും സിറ്റി ഗ്യാസ് പദ്ധതിക്ക് കൗൺസിലിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത് ആരാണെന്ന് അന്നത്തെ പത്ര വാർത്തകൾ പരിശോധിച്ചാൽ ബോദ്ധ്യപ്പെടും. വസ്തുതകൾ മനസിലാക്കാതെ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യനാവരുതെന്ന് മേയർ അഭ്യർത്ഥിച്ചു.