ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ ഡ്രൈവർമാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ഇൻഷ്വറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുകയും ചെയ്യണമെന്ന് കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ഡ്രൈവർമാർ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പ്രാഥമിക ഹെൽത്ത് സെന്ററുകളിലും അനുബന്ധ വകുപ്പുകളിലും വാഹനവുമായി ആരോഗ്യ പ്രവർത്തകരോടും മറ്റ് ചുമതലപ്പെട്ട ഉദ്യോഗസ്ഥരോടുമൊപ്പം മാസങ്ങളായി രാപകൽ ജോലിചെയ്തുവരികയാണ്. സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഈ വിഭാഗം ജീവനക്കാരേയും ഇൻഷ്വറൻസ് പരിധിയിൽ ഉൽപ്പെടുത്തുകയും സ്‌പെഷ്യൽ ഡി.എയും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുകയും ചെയ്യണമെന്ന് യൂണിയൻ സംസ്ഥാന കമ്മിറ്റി സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.