നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളായ ചെങ്ങമനാട്, കരുമാല്ലൂർ, ആലങ്ങാട്, പാറക്കടവ് പഞ്ചായത്തുകളിൽ കൊവിഡ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തതോടെ കുന്നുകര പഞ്ചായത്ത് ആശങ്കയുടെ വക്കിലായി.
ചെങ്ങമനാട്, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ കർഫ്യു പ്രഖ്യാപിച്ച സഹാചര്യത്തിൽ രോഗവ്യാപനം തടയാൻ തുടക്കം മുതൽ ശക്തമായ നടപടികളാണ് കുന്നുകര പഞ്ചായത്ത് സ്വീകരിക്കുന്നത്. പഞ്ചായത്തിൽ ഇതുവരെ ആർക്കും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടയിൽ വിവിധ മേഖലകളിൽ നിന്നും പരിശോധനയ്ക്ക് വിധേയമായ നാല് പേർക്ക് രോഗമുണ്ടെന്ന സംശയം ഉണ്ടായെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത് ആശ്വാസമായിരുന്നു.
സർവകക്ഷി യോഗത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇറച്ചി വില്പന കടകളുടെ പ്രവർത്തനം ആഴ്ചയിൽ രണ്ട് ദിവസമാക്കി. കർഫ്യു പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഉച്ചയ്ക്ക് രണ്ടിന് കടകൾ അടയ്ക്കുന്നതോടെ ഈ പ്രദേശങ്ങളിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി ആളുകൾ കുന്നുകരയിലേക്ക് എത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രണ്ടുമണിയിലേക്ക് ചുരുക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ പറഞ്ഞു.
കവലകളിൽ ആളുകൾ കൂട് കൂടി നിൽക്കരുതെന്ന് ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ മൈക്ക് അനൗൺസ്‌മെന്റിലൂടെ നിരന്തരമായി ജനങ്ങളെ അറിയിക്കുന്നുണ്ട്. കുന്നുകരയിലേക്കുള്ള പ്രധാന കവാടങ്ങളായ തടിക്കൽകടവ്, പുറപ്പിള്ളിക്കാവ് പാലങ്ങളിലൂടെയുള്ള ഗതാഗതം ഒരാഴ്ച മുമ്പുതന്നെ തടഞ്ഞിരുന്നു.