കൊച്ചി: കോണോത്തുപുഴയുടെ നവീകരണത്തിന്റെ ഭാഗമായി പുഴയിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി.
സർവേവകുപ്പ് പുഴയുടെ അതിർത്തി നിർണയിക്കും. ചെലവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണം. ജലസേചന വകുപ്പിന്റെ എസ്‌കവേറ്റർ ഉപയോഗിച്ച് എക്കൽ അടിയന്തരമായി നീക്കും. ചെലവുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എം.എൽ.എമാരും നൽകണം. അംഗീകാരം പഞ്ചായത്തുകൾക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നും വാങ്ങി നൽകുന്നതിനുള്ള നടപടി ജില്ലാഭരണകൂടം സ്വീകരിക്കും.
കണയന്നൂർ താലൂക്കിലെ നടമ, മണകുന്നം, കണയന്നൂർ, ആമ്പല്ലൂർ, ഉദയംപേരൂർ, തിരുവാങ്കുളം, മുളന്തുരുത്തി വില്ലേജുകളിലൂടെയാണ് പുഴ കടന്നുപോവുന്നത്.
എം.എൽ.എമാരായ എം. സ്വരാജ്, അനൂപ് ജേക്കബ്, ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിലാൽ, മൈനർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ ബാജി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ്, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹനൻ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജി കുര്യൻ കൊള്ളിനാൽ, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നവീകരണം ഇങ്ങനെ
# ജനകീയ പങ്കാളിത്തത്തോടെ പുഴ മാലിന്യമുക്തമാക്കുന്ന നടപടികൾ പൂർത്തിയാക്കും.
# പുഴയുടെ വശങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിനും പുഴയിൽനിന്ന് നീക്കംചെയ്യുന്ന എക്കൽ കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കും.
# പുഴക്ക് കുറുകെയുള്ള ചെറുപാലങ്ങൾ നവീകരിക്കാൻ ആവശ്യമായ ശുപാർശ സമർപ്പിക്കും.