കൊച്ചി: ജില്ലയുടെ തീരദേശമേഖലയിലെ അടിയന്തരാവശ്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കടൽക്ഷോഭത്തിന്റെയും കോവിഡ് രോഗവ്യാപനത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന വീഡിയോ കോൺഫറൻസിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. ട്രോളിംഗ് നിരോധന കാലയളവ് തീരുന്ന സാഹചര്യവും ഹാർബറുകളിലെ സാഹചര്യങ്ങളും വീഡിയോ കോൺഫറൻസിൽ ചർച്ചചെയ്തു. തീരപ്രദേശങ്ങൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി.
കടലാക്രമണം രൂക്ഷമായപ്രദേശങ്ങളിൽ പുലിമുട്ടുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. യോഗത്തിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ മാക്‌സി, ജോൺ ഫെർണാണ്ടസ്, എസ്. ശർമ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് .പി, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ചെല്ലാനം പഞ്ചായത്തിന് 2 ലക്ഷം നൽകും
ചെല്ലാനം പഞ്ചായത്തിന് അടിയന്തര ധനസഹായമായി ദുരന്തനിവാരണ ഫണ്ടിൽ നിന്നും 2 ലക്ഷംരൂപ നൽകുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.