കൊച്ചി : വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയെന്നാരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ നാലാംപ്രതി എറണാകുളം ഒാടക്കാലി സ്വദേശി ഷെഫീഖിന്റെ ജാമ്യാപേക്ഷ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി തള്ളി. സംഭവത്തെ തുടർന്ന് ഒളിവിൽപോയ പ്രതി 2019 ജൂൺ 27ന് കീഴടങ്ങിയിരുന്നു. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ പ്രതിക്ക് പങ്കുണ്ടെന്നും പ്രതികൾ ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ നശിപ്പിച്ചത് ഷെഫീഖാണെന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. എന്നാൽ കേസിൽ രണ്ടുതവണ ചോദ്യംചെയ്തിട്ടും ആയുധങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും നിരപരാധിയാണെന്നും വ്യക്തമാക്കിയാണ് ഷെഫീഖ് ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ജാമ്യാപേക്ഷയെ എൻ.ഐ.എ എതിർത്തു. തുടർന്നാണ് കോടതി ഹർജി തള്ളിയത്.