pic

കോലഞ്ചേരി: കളർഫുൾ ലൈഫ് കൊവിഡ് തട്ടിയെടുത്തു.പരസ്യചിത്രകലാകാരന്മാരുടെ ജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെയായി. ഫ്ലക്സ് നിരോധനത്തോടെയാണ് കലാകാരന്മാരുടെ ജീവിതം പച്ചപിടിച്ച് തുടങ്ങിയത്. ലോക്ഡൗണും മഹാമാരി വ്യാപനവും വ്യാപാര, വ്യവസായിക രംഗത്തെ തകിടം മറിച്ചു. ഇതോടെ പരസ്യചിത്രകലാകാരമാക്ക് ജോലി ഇല്ലാതായി.

ജില്ലയിൽ 500 പരസ്യചിത്രകലാകരന്മാരണുള്ളത്. ബോർഡുകളും ബാനറുകളും ഇവ റോഡരികിൽ തൂക്കുന്നടക്കം അനുബന്ധ ജോലികൾചെയ്യുന്ന 5000ലധിം പേരുമുണ്ട്. ഇത്രയും കുടുംബങ്ങൾ നാലുമാസമായി ദുരിതത്തിലാണ്. പരസ്യചിത്രമേഖലയിൽ ഭൂരിഭാഗം പേരും 50 പിന്നിട്ടവരാണ്. മ​റ്റൊരു ജോലി കണ്ടുപിടിക്കുക എളുപ്പമല്ല. പെയിന്റ് പണിയാണ് മറ്റൊരു മേഖല. എന്നാൽ ഈ രംഗത്തും ഇപ്പോൾ ജോലിയില്ല.


ഇടുങ്ങിയ മുറികൾ വാടകയ്‌ക്കെടുത്താണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ വാടകയായി ചെറിയ തുകപോലും നൽകാനാകാത്ത സ്ഥിതിയാണ്. വേനൽക്കാലം അനേകം ചെറുകിട സംഘടനകൾക്കു സമ്മേളനങ്ങളുടെ കാലമാണ്. ഉത്സവ സീസണായതിനാൽ അതുവഴിയും ബാനറുകളും പരസ്യങ്ങളുമുണ്ടാകും. വിഷു, റമസാൻ കാലത്ത് കടകളിലെ ഓഫറുകളും കിഴിവുകളും പ്രഖ്യാപിക്കുന്നതു വഴി ജോലികൾ ലഭിച്ചിരുന്നു. ഇതെല്ലാം മുടങ്ങി. ഓണക്കാലവും നഷ്ടപ്പെടുമെന്ന അവസ്ഥയാണിപ്പോഴെന്ന് ചിത്രകലാകാരന്മാർ പറയുന്നു.

തൊഴിലും വരുമാനവുമില്ലാതെ കലാകാരൻമാർ വീട്ടിനകത്തിരിക്കുകയാണ്. പരസ്യമേഖലയിലുള്ളവർക്ക് സഹായം നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും ഒന്നും ലഭിച്ചിട്ടില്ല.

പത്രോസ്

കലാകാരൻ