കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, സരിത്ത്, റെമീസ്, ജലാൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം നടപടികൾ തുടങ്ങി. ബാങ്കുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. ഭൂസ്വത്തിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് റവന്യൂ - രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് കത്തുനൽകി.
കഴിഞ്ഞവർഷം ജുലായിലാണ് നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്ത് ആംഭിച്ചത്. ഇതിനുശേഷം അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് തേടിയിരിക്കുന്നത്. സ്വപ്‌നയ്‌ക്ക് തിരുവനന്തപുരത്തെയും കൊച്ചിയിലേയും ബാങ്കുകളിൽ അക്കൗണ്ടുണ്ട്. സ്വപ്‌നയ്ക്കും സന്ദീപിനും ബിനാമി ഇടപാടിൽ ഭൂസ്വത്തുണ്ടെന്ന് അറിഞ്ഞാണ് രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയത്. കള്ളപ്പണ, ഹവാല ഇടപാടുകളെക്കുറിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം.