നെടുമ്പാശേരി: കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ഗതാഗതം തടഞ്ഞ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു. ബുധനാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. കരുമാല്ലൂർ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള തടിക്കക്കടവ് ഭാഗത്ത് നിന്നും കുന്നുകര പഞ്ചായത്ത് കവാടമായ തടിക്കക്കടവ് പാലത്തിൽ സ്ഥാപിച്ചിരുന്ന തടസങ്ങളാണ് തകർത്തത്.
കൊവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കരുമാല്ലൂർ പഞ്ചായത്തിൽ കർഫ്യു പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു സംഭവം. ഈ മാസം 14 മുതലാണ് പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞിരുന്നത്. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഫ്രാൻസിസ് തറയിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും ചെങ്ങമനാട് പൊലീസും സ്ഥലത്തെത്തി. പഞ്ചായത്ത് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ വീണ്ടും ബാരിക്കേഡ് കെട്ടി പാലം അടച്ചു.
ബാരിക്കേഡുകൾ തകർത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ വൈസ് പ്രസിഡന്റ് സീന സന്തോഷ് എന്നിവർ ആവശ്യപ്പെട്ടു.