കൊച്ചി: സമ്പർക്ക രോഗികൾ ദിനംപ്രതി പെരുകുമ്പോൾ പൊതുലോക്ക് ഡൗണല്ല, സ്വയംലോക്ക് ഡൗണിന് വ്യക്തികൾ സന്നദ്ധരാകുകയാണ് വേണ്ടതെന്ന് വിദഗ്ദ്ധർ. സംസ്ഥാനം മൊത്തം അടച്ചിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇവർ പറയുന്നു.
രോഗം കുറയ്ക്കില്ല
കൊവിഡ് വ്യാപനം തടയുന്നതിനുള്ള മാർഗം ലോക്ക് ഡൗണല്ല. വൈറസ് പടർത്താതിരിക്കാൻ ഓരോരുത്തരും സ്വയം സന്നദ്ധരാകണം. തിരുവനന്തപുരത്ത് ട്രിപ്പിൽ ലോക്ക് ഡൗൺ മൂന്നാഴ്ച പിന്നിട്ടിട്ടും വൈറസ്ബാധ കുറഞ്ഞില്ല. ലോക്ക് ഡൗണിന്റെ പ്രത്യാഘാതം വലിയൊരു വിഭാഗത്തെ സാരമായി ബാധിക്കും. ദിവസക്കൂലിക്കാർ, മത്സ്യത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ തുടങ്ങിയവർക്കാണ് നഷ്ടമുണ്ടാകുന്നത്.
നിലവിലെ സാഹചര്യം സർക്കാരിന് മാത്രം പരിഹരിക്കാവുന്നതല്ല. സമൂഹത്തെയും രാഷ്ട്രീയ പാർട്ടികൾ, സ്വകാര്യ ആശുപത്രികൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയെയും സർക്കാർ ഒപ്പം നിറുത്തണം. യോഗ്യരായ ഡോക്ടർമാർക്കും നഴ്സുമാർക്കും താത്കാലിക നിയമനവും മികച്ച വേതനവും നൽകണം. ലോക്ക് ഡൗണിന് മുമ്പ് സാമ്പത്തികമേഖലയും പരിഗണിച്ചില്ലെങ്കിൽ സംസ്ഥാനം വലിയ പ്രതിസന്ധി നേരിടേണ്ടിവരും.
- ജി. വിജയരാഘവൻ, മുൻ സി.ഇ.ഒ, ടെക്നോപാർക്ക്
കുഴപ്പക്കാർ പത്ത് ശതമാനം
ലോക്ക് ഡൗണിനോട് ഐ.എം.എയ്ക്ക് യോജിപ്പില്ല. സാധാരണക്കാർ രണ്ടുമൂന്നുമാസം വീട്ടിലിരുന്ന് ശാരീരികവും മാനസികവും സാമ്പത്തികവുമായി തകർന്ന നിലയിലാണ്. നിയന്ത്രണങ്ങൾ പാലിക്കുന്നവരാണ് 90 ശതമാനവും. ബാക്കിയുള്ളവരാണ് ആൾക്കൂട്ടം സൃഷ്ടിക്കുന്നതും നിയമങ്ങൾ ലംഘിക്കുന്നതും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കൊവിഡിനെ സുരക്ഷിതമായി നേരിട്ട് ജീവിക്കുകയേ വഴിയുള്ളൂ. സാമൂഹ്യഅകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ കഴുകുക എന്നിവ മാത്രമാണ് പോംവഴി.
- ഡോ. എബ്രഹാം വർഗീസ്, ഐ.എം.എ സംസ്ഥാന പ്രസിഡന്റ്
ഒറ്റമൂലിയല്ല
ലോക്ക് ഡൗൺ കൊവിഡിനുള്ള ഒറ്റമൂലിയല്ല. സമ്പൂർണ പൊതു ലോക്ക് ഡൗണല്ല, സ്വയം ലോക്ക് ഡൗണാണ് ആവശ്യം. നമുക്ക് സമ്പൂർണ മാസ്ക് ഉപയോഗത്തിലേക്ക് നീങ്ങാം. എല്ലാവരെയും അനുസരിപ്പിക്കാൻ നമുക്ക് കഴിയണം. അതിനുള്ള ഇച്ഛാശക്തി നമുക്കില്ലെങ്കിൽ വൈറസ് ജയിക്കും.
- ജേക്കബ് പുന്നൂസ്, മുൻ ഡി.ജി.പി