തൃക്കാക്കര : 2020-21 ൽ വാർഷിക പദ്ധതി പുതുക്കി സമർപ്പിച്ച 15 ഗ്രാമ പഞ്ചായത്തുകൾക്കും 2 ബ്ലോക്ക്‌ പഞ്ചായത്തുകൾക്കും 2 നഗരസഭകൾക്കും ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകി. 2019-20ലെ പൂർത്തിയാകാത്ത പ്രവൃത്തികൾ സ്പിൽഓവറായി ഉൾപ്പെടുത്തിയും കൊവിഡ് പശ്ചാത്തലത്തിൽ ഏറ്റെടുത്ത പ്രവൃത്തികൾ പ്രധാന പ്രൊജക്ടുകളുടെ ഭാഗമാക്കിയും പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉൾപ്പെടുത്തിയും സമർപ്പിച്ച വാർഷിക പദ്ധതികൾക്കാണ് അംഗീകാരം.
ആകെ 45 പഞ്ചായത്തുകളും 12 ബ്ലോക്ക്‌ പഞ്ചായത്തുകളും 3 നഗരസഭകളും സർക്കാർ നിർദേശപ്രകാരമുള്ള പദ്ധതി ഭേദഗതികൾ പൂർത്തിയാക്കി അംഗീകാരം നേടിയതായും സംസ്ഥാനതലത്തിൽ എറണാകുളം ജില്ല ഭേദഗതി അംഗീകാരത്തിൽ ഒന്നാമതാണെന്നും ജില്ലാ ആസൂത്രണസമിതി അദ്ധ്യക്ഷ ഡോളി കുര്യാക്കോസ് പറഞ്ഞു. ഡി.പി.സി അംഗങ്ങളായ അഡ്വ. കെ.വൈ. ടോമി, സരള മോഹനൻ, ജോസഫ് പി.ജെ, ജോളി ബേബി, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ എം.എം ബഷീർ തുടങ്ങിയവർ പങ്കെടുത്തു.