rehna-fathima

കൊച്ചി : അശ്ളീലവീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചല്ല ലൈംഗികവിദ്യാഭ്യാസം നടത്തേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രംവരയ്ക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ പ്രതി രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

കുട്ടികൾക്ക് ലൈംഗികവിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നും ശാരീരിക വിവേചനങ്ങൾക്കെതിരെ പൊരുതുന്ന വ്യക്തിയാണ് താനെന്നുമായിരുന്നു രഹ്‌നയുടെ വാദം. ഇൗ വാദങ്ങൾ ഹൈക്കോടതി തള്ളി. നിയമം അനുവദിക്കുന്ന രീതിയിൽ കുട്ടികൾക്ക് ലൈംഗികവിദ്യാഭ്യാസം നൽകുന്നതിൽ തെറ്റില്ല. വീടിന്റെ നാലുചുവരുകൾക്കുള്ളിൽ നടന്ന സംഭവമാണിതെന്ന് മനസിലാക്കാം. ഇതു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചശേഷം ലൈംഗിക വിദ്യാഭ്യാസമാണെന്നു പറഞ്ഞ് പ്രതിക്ക് രക്ഷപ്പെടാൻ സാധിക്കുമോ ? രഹ്നയുടെ നടപടി കുറ്റകരമാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണം. ഇതിനായി ഹർജിക്കാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുമ്പോൾ അനുവദിക്കാതിരിക്കാൻ കോടതിക്ക് കഴിയില്ല. ചിത്രങ്ങൾ വരച്ച കുട്ടികളുടെ കഴിവ് അഭിനന്ദനാർഹമാണ്. എന്നാൽ ഹർജിക്കാരി ചെയ്തതുപോലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചല്ല അവരെ പ്രോത്സാഹിപ്പിക്കേണ്ടത്. ഇത്തരമൊരു ദൃശ്യത്തിൽ അശ്ളീലം ഇല്ലെന്ന് പറയാൻ കോടതിക്കാവില്ല.

മാതൃത്വത്തിന് സമൂഹത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. കുട്ടികൾക്ക് ധാർമ്മികമൂല്യങ്ങളും വൈകാരിക പിന്തുണയും പകരുന്നതിൽ അമ്മയ്ക്ക് വലിയ പങ്കുണ്ട്. പിന്നീട് ജീവിതത്തിൽ പ്രതിസന്ധികളെ നേരിടാൻ അവരെ പ്രാപ്തരാക്കുന്നത് ഇൗ പിന്തുണയാണെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

വിധിയിലെ പരാമർശങ്ങൾ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കാൻ മാത്രമുള്ളതാണെന്നും അന്വേഷണത്തിനും കേസിലെ തുടർനടപടിക്കും ഇൗ നിരീക്ഷണങ്ങൾ ബാധകമാക്കരുതെന്നും വിധിയിൽ പറയുന്നു.