പളളുരുത്തി: ചെല്ലാനത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ കടൽ തീരത്ത് ഇരുപതിനായിരം മണൽചാക്കുകൾ നിരത്തി. ബസാർ, കണ്ടക്കടവ്, കണ്ണമാലി, മറുവക്കാട് എന്നിവിടങ്ങളിലാണ് വിശ്രമമില്ലാതെ നാട്ടുകാർ ഒറ്റക്കെട്ടായി ഒറ്റ മനസായി മണൽ നിറക്കാൻ എത്തിയത്. കടൽ കയറിയപ്പോൾ കരയിലേക്ക് ഒഴുകിയെത്തിയ മണ്ണുകളാണ് ചാക്കുകളിൽ നിറച്ചത്. കടൽഭിത്തി തകർന്ന സ്ഥലം, പുലിമുട്ട് ഇല്ലാത്ത സ്ഥലങ്ങൾ ഈ ഭാഗത്താണ് ചാക്കുകൾ അട്ടിയിട്ടത്.എം.പി. ഹൈബി ഈഡൻ മണൽ നിറക്കാനുള്ള ചാക്കുകളും ജെ സി ബി യും ജോലിയിൽ ഏർപ്പെടുന്നവർക്ക് ഭക്ഷണവും നൽകി. 7, 8, 10 വാർഡുകളിൽ മണൽ കൊണ്ടുള്ള വാടയുടെ ജോലികൾ പൂർത്തിയാക്കി. ജിയോ ട്യൂബും മറ്റും ഒരു പരിധി വരെ മാത്രമേ കടലാക്രമണം തടയുകയുള്ളൂ. ഇവിടെയുള്ളവർക്ക് ശാശ്വത പരിഹാരം ദ്രോണാചാര്യ മോഡലിൽ ഉയരത്തിലുള്ള കടൽഭിത്തി നിർമ്മാണം മാത്രമാണ്.