കൊച്ചി : പ്രവാസികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു വിശദീകരണം തേടി. പത്തുദിവസത്തിനകം മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. ഇന്ത്യൻ ഭരണഘടനയനുസരിച്ചും ലീഗൽ സർവീസ് അതോറിട്ടീസ് ആക്ട് പ്രകാരവും ഇന്ത്യൻ പൗരൻമാർക്ക് സൗജന്യ നിയമസഹായത്തിന് വ്യവസ്ഥയുണ്ട്. എന്നാൽ പ്രവാസികൾക്ക് ഇതു ലഭ്യമാകുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. കൊവിഡ് ബാധയെത്തുടർന്ന് നിരവധി പ്രവാസികളാണ് മരണമടഞ്ഞത്. നിരവധിപേർക്ക് തൊഴിൽനഷ്ടപ്പെട്ടു. ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയാണ് തൊഴിൽ നഷ്ടപ്പെട്ടവർ നാട്ടിലേക്ക് മടങ്ങിയത്. ഇവർക്ക് ഇന്ത്യൻ എംബസി മുഖേന സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.