ആലുവ/നെടുമ്പാശേരി: കൊവിഡ് വ്യാപനം തടയുന്നതിനായി ആലുവ മേഖലയിൽ പ്രഖ്യാപിച്ച കർഫ്യൂവിന്റെ ഭാഗമായി പൊലീസ് വ്യാപകമായി ക്ലസ്റ്റർ മേഖലയിൽ റൂട്ട് മാർച്ച് നടത്തി. നഗരത്തിന് പുറത്തുള്ള മേഖലകളിലാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ഡിവൈ.എസ്.പി ജി. വേണു എന്നിവരുടെ നേതൃത്വത്തിൽ അമ്പതിലേറെ പൊലീസുകാർ പങ്കെടുത്ത റൂട്ട് മാർച്ചുകൾ നടത്തിയത്.
ആലുവ മേഖലയിൽ അശോകപുരം, മുപ്പത്തടം, കോമ്പാറ, കുന്നത്തേരി, കരുമാല്ലൂർ, ആലങ്ങാട്, ചെങ്ങമനാട് മേഖലകളിലായിരുന്നു റൂട്ട് മാർച്ച്. പലയിടത്തും ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു മാർച്ചുകൾ. കടകൾ അടക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയമാണ് രണ്ടുമണി. അതിനാലാണ് ഈ സമയം മാർച്ചിനായി നിശ്ചയിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ചയും കർഫ്യൂ മേഖലകളിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചിരുന്നു.
ചെങ്ങമനാട് ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്. വ്യാഴാഴ്ച അർദ്ധരാത്രി മുതലാണ് ചെങ്ങമനാട് പഞ്ചായത്തിലും കർഫ്യൂ പ്രഖ്യാപിച്ചത്. പാലപ്രശേരി കവലയിൽ നിന്നാരംഭിച്ച റൂട്ട് മാർച്ച് ചുങ്കം കവലയിൽ സമാപിച്ചു. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.കെ. ജോസി, പ്രിൻസിപ്പൽ എസ്.ഐ ആർ. രഗീഷ്‌കുമാർ എന്നിവരും നയിച്ചു.
# ജനത്തെ വരുതിയിലാക്കി പൊലീസ്
ആലുവ: കർഫ്യൂ മേഖലയിൽ കർശന നടപടിയുമായി റൂറൽ ജില്ലാ പൊലീസ്. നിയമലംഘനം നടത്തിയ 28 പേർക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 65 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 22 പേർക്കെതിരെയും കടകളിൽ നിയമലംഘനത്തിന് നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലോക്ക് ഡൗൺ ലംഘനത്തിന് റൂറൽ ജില്ലയിൽ 52 പേർക്കെതിരെ കേസെടുത്തു. 10 പേരെ അറസ്റ്റുചെയ്തു. ഒമ്പത് വാഹനങ്ങൾ കണ്ടുകെട്ടി. മാസ്‌ക് ധരിക്കാത്തതിന് 423 പേർക്കെതിരെ നടപടിയെടുത്തു. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.