കാലടി: കനത്ത മഴയിൽ വീട് തകർന്ന് പോയ തോട്ടകം മഠത്തിപ്പറമ്പിൽ രുഗ്മിണി സുബ്രഹ്മണ്യന് ആദിശങ്കര ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്നോളജി വീട് നിർമ്മിച്ച് നൽകി. നാലാം വാർഡിലെ വികസന സമിതിയുടെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇവരുടെ വീട് തകർന്നത്. വീടിന്റെ അവസ്ഥ വാർഡ് മെമ്പർ സോഫി വർഗീസ് മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ടി വർഗീസ് എന്നിവർ ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആദിശങ്കര ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പ്രൊഫ. സി.പി ജയശങ്കറിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സന്ദർശിച്ച് പുതിയ വീട് നിർമ്മിച്ചു നൽകാൻ വികസന സമിതിയെ സദ്ധത അറിയിച്ചു. കോളേജിലെ നാഷണൽ സർവീസ് സ്‌കീം, പൂർവ വിദ്യാർഥികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, തുടങ്ങിയവർ വീട് നിർമ്മാണത്തിൽ പങ്കാളികളായി. കോളേജിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ വിദ്യാർത്ഥികളാണ് വീട് വൈദ്യുതീകരിച്ചത്. വീടിന്റെ താക്കോൽ ദാനം ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് നിർവഹിച്ചു. ആദിശങ്കര ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പ്രൊഫ. സി.പി ജയശങ്കർ, പ്രിൻസിപ്പൽ ഡോ: വി. സുരേഷ്‌കുമാർ, എൻ.എസ്.എസ് റീജേണൽ കോ ഓഡിനേറ്റർ ഡോ: ജെയ് എം പോൾ, എൻ.എസ്.എസ് പ്രൊഗ്രാം ഓഫീസർ സിജോ ജോർജ്, വാർഡ് മെമ്പർ സോഫി വർഗീസ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി വർഗീസ്, നിർമ്മാണ കമ്മിറ്റി കൺവീനർ എം.കെ എൽദോ, എസ് ഗോമതി, എൽദോസ് എം ജോൺ എന്നിവർ സംസാരിച്ചു.