വൈപ്പിൻ: എളങ്കുന്നപ്പുഴയിൽ പലചരക്കുകടയിലെ താഴു തല്ലിപ്പൊളിച്ച് മോഷണം നടത്താൻ ശ്രമം. എസ്.ആർ. പെട്രോൾ പമ്പിന് എതിർവശത്തുള്ള ഷിനുവിന്റെ വീടിനോടു ചേർന്നുള്ള അംബിക സ്‌റ്റോഴ്‌സിൽ രാത്രി 11 മണിയോടെ സംഭവമുണ്ടായത്. കടയുടെ പിൻഭാഗത്തുള്ള വീടിനടുത്തെത്തി രണ്ടുപേർ ചേർന്ന് പലവട്ടം വിളിച്ചപ്പോൾ കട പൂട്ടി എന്ന് കടയുടമ പറഞ്ഞു.ഈസമയം ബൈക്കിൽ കൊണ്ടുവന്ന ചുറ്റികയും മറ്റായുധങ്ങളുമെടുത്ത് രണ്ട് പേർ കടയുടെ പൂട്ട് പൊളിച്ചു. ഉടമയുടെഭാര്യബഹളം വച്ചതിനെത്തുടർന്ന് അക്രമികൾ ബൈക്കിൽ കയറി സ്ഥലം വിട്ടു.
ലോക്ക്ഡൗൺ നിയന്ത്രണത്തെത്തുടർന്ന് വൈകീട്ട് 7 മണിയോടെ കടകളെല്ലാം അടക്കുകയും വാഹനങ്ങൾ ഓട്ടം നിർത്തുകയും ചെയ്യുന്നതോടെ റോഡ് വിജനമാകുകയാണ്. ഈ സാഹചര്യത്തിൽ റോഡരികിലുള്ള വീടുകളിലെ വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റൽ, മറ്റു മോഷണങ്ങൾ എന്നിവ പലവട്ടം ആവർത്തിക്കുകയാണെന്നും പൊലീസിന്റെ ശ്രദ്ധയുണ്ടാകണമെന്നും പൊതുപ്രവർത്തകനായ ടി.എം. സുകുമാരപിള്ള ആവശ്യപ്പെട്ടു.