പറവൂർ : പ്രധാന ജലസ്രോതസായ പഷ്ണിത്തോടിന്റെ ശുചീകരണം പുരോഗമിക്കുന്നു. വെള്ളപ്പൊക്ക ആഘാതം കുറയ്ക്കാൻ നിയോജകമണ്ഡലത്തിലെ വിവിധ തോടുകൾ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് പഷ്ണിത്തോട്ടിലെ ചെളി നീക്കി ആഴംകൂട്ടുന്നത്. പെരിയാറിന്റെ കൈവഴികളായ പറവൂർ പുഴയേയും ചെറിയപ്പിള്ളി പുഴയേയും ബന്ധിപ്പിക്കുന്ന വളരെ പഴക്കമേറിയ തോടാണിത്. നഗരസഭ, കോട്ടുവള്ളി പഞ്ചായത്ത് പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോടിന് മൂന്നു കിലോമീറ്ററിലേറെ നീളമുണ്ട്. കോട്ടുവള്ളി പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ആരംഭിച്ച ശുചീകരണം നഗരസഭ പരിധിയിലേക്കു കടന്നു.
മൂന്നു പതിറ്റാണ്ടുമുമ്പുവരെ പറവൂരിലെ പ്രധാന ജലഗതപാതയായിരുന്നു പഷ്ണിത്തോട്. ചരക്കുവള്ളങ്ങൾ നിലയ്ക്കാതെ കടന്നുപോകുമായിരുന്നു. പറവൂർ, കോട്ടപ്പുറം ചന്തകളിൽനിന്ന് ഉൾപ്രദേശങ്ങളിലേക്കു സാമഗ്രികളും പൊക്കാളി കൃഷി കഴിഞ്ഞു നെല്ലും വൈക്കോലും വള്ളങ്ങളിൽ ക്കൊണ്ടുപോയിരുന്നു. കാലക്രമേണ തോട് നശിച്ചു. 2018ലെ പ്രളയത്തിനു മുമ്പ് നഗരസഭ പത്തുലക്ഷം രൂപ ചെലവാക്കി തോട് ശുചീകരിച്ചു. പ്രളയസമയത്തും തുടർന്നും തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി.
വി.ഡി.സതീശൻ എം.എൽ.എ ഇടപെട്ടതിനെത്തുടർന്ന് ജലവിഭവ വകുപ്പ് അനുവദിച്ച 340 ലക്ഷം രൂപ ഉപയോഗിച്ചാണ് പഷ്ണിത്തോട് അടക്കം നിയോജകമണ്ഡലത്തിലെ വിവിധ തോടുകൾ ശുചീകരിക്കുന്നത്.