beeter

കൊച്ചി: ചൈനീസ് ഉത്പന്നങ്ങളുടെ വരവ് നിലച്ചതോടെ ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ കേക്ക് നിർമ്മിക്കാൻ ആവശ്യമായ വില കുറഞ്ഞ ബീറ്ററുകൾ കിട്ടാക്കനിയായി. പ്രമുഖ ബ്രാൻഡുകളുടെ ബീറ്ററുകൾ ലഭ്യമാണെങ്കിലും ഉയർന്ന വില നൽകണം.മൽഗോണ കോഫി, ബട്ടർ സ്‌കോച്ച് ഫ്രഷ് ഐസ്‌ക്രീം, ചക്കക്കുരു ഷേക്ക്, വിവിധ തരം കേക്കുകൾ തുടങ്ങി ലോക്ക് ഡൗൺ കാലത്ത് മലയാളി നടത്തിയ പരീക്ഷണങ്ങൾ ഏറെയാണ്. പാചകത്തെ വീട്ടമ്മമാർ ആഘോഷമാക്കിയതോടെ വിപണിയിൽ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയിരുന്നു. കേക്ക് നിർമ്മാണമാണ് ഇതിൽ പ്രധാനം. രുചികരമായ നിരവധിയിനം കേക്കുകൾ എളുപ്പത്തിൽ വീടുകളിൽ നിർമ്മിക്കാൻ കഴിയും. ഇതിനുൾപ്പെടെ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പലതും കിട്ടാത്ത സ്ഥിതിയാണ്. കുറഞ്ഞ വിലയിൽ ലഭിച്ചിരുന്ന ഉപകരണങ്ങൾ പലതും ചൈനയിൽ നിന്ന് എത്തുന്നതാണ്. കൊവിഡും അതിർത്തി പ്രശ്നങ്ങളും മൂലം ഇവയുടെ ഇറക്കുമതി കുറഞ്ഞതാണ് തിരിച്ചടിയായത്.

ബീറ്റർ കിട്ടാനില്ല
കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബീറ്ററുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞ ഉത്പന്നങ്ങൾക്കായിരുന്നു കൂടുതൽ ആവശ്യക്കാർ. 950 രൂപയ്ക്ക് ലഭിച്ചിരിക്കുന്ന കാസ്റ്റർ എന്ന പേരിലുള്ള ബീറ്ററുകളാണ് വൻതോതിൽ വിറ്റുപോയിരുന്നത്. ഇപ്പോൾ ഇവയൊന്നും കിട്ടാനില്ലാത്ത സ്ഥിതിയാണ്. വില കൂടിയ ബീറ്ററുകൾ ലഭ്യമാണെങ്കിലും ആവശ്യക്കാർ കുറവാണ്. മികച്ച കമ്പിനികളുടെ ബീറ്ററുകൾക്ക് 2000 രൂപയ്ക്ക് മുകളിലാണ് വില.

ആവശ്യക്കാർ കൂടി

ബീറ്ററുകൾ ഉൾപ്പെടെ കുറഞ്ഞ വിലയിൽ ലഭിച്ചിരുന്നവയ്ക്ക് ആവശ്യക്കാർ കൂടുതലായിരുന്നു. ലോക്ക് ഡൗണിന് ശേഷം ആവശ്യക്കാരുടെ വർദ്ധനവു മൂലം ഇവയ്ക്ക് ക്ഷാമം നേരിട്ടു. പലരും കൗതുകത്തിന്റെ പേരിലാണ് പാചകത്തിലേക്ക് തിരിയുന്നത്. കേക്ക് പോലുള്ളവ വീട്ടിൽ തന്നെ നിർമ്മിക്കുകയാണ്. ഇതോടെ അസംസ്‌കൃത വസ്തുക്കളുടെ വില്പനയിലടക്കം വൻ വർദ്ധനവാണ് ഉണ്ടായിട്ടുണ്ട്.

ജാക്‌സൺ
ബേക്കറി ട്രേഡേഴ്‌സ്