ആലുവ: വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അവശ്യവസ്തുക്കൾ ഉപഭോക്താക്കൾക്ക് എത്തിച്ച് നൽകുന്ന ഹോം ഡെലിവറി സംവിധാനത്തിന് അനുവദിച്ചിട്ടുള്ള സമയം ദീർഘിപ്പിക്കണമെന്ന് ആവശ്യം. സൂപ്പർ മാർക്കറ്റുകളുടേയും മറ്റും ഹോം ഡെലിവറി സംവിധാനമാണ് നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും താമസക്കാർ കൂടുതലായും ആശ്രയിക്കുന്നത്.
ഫ്ളാറ്റുകളിൽ താമസിക്കുന്നവർ ഭൂരിഭാഗവും ഈ സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. ലോക്ക് ഡൗൺ വന്നതോടെ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കൾ കൂടി. കൊവിഡ് രോഗഭീതി മൂലം ജനങ്ങൾ സാധനങ്ങൾ വാങ്ങാൻപോലും പുറത്തിറങ്ങുന്നില്ല. അതിനാൽ ഉച്ചവരെ മാത്രം അനുവദിച്ചിട്ടുള്ള സമയപരിധിയിൽ സാധനങ്ങൾ എത്തിച്ചുനൽകാൻ വ്യാപാരികൾക്കാകുന്നില്ല. ഉപഭോക്താക്കൾ വലയുകയാണ്. ഇതിന് പരിഹാരമായി സമയപരിധി വൈകുന്നേരംവരെ നീട്ടണമെന്നാണ് ഉപഭോക്താക്കളും വ്യാപാരികളും ആവശ്യപ്പെടുന്നത്.