പറവൂർ: വെള്ളപ്പൊക്കം വന്നാൽ രക്ഷാപ്രവർത്തനത്തിനായി ‘പ്ലാസ്റ്റിക് ഡ്രം ബോട്ട്’ തയ്യാറാക്കി യുവാവ്. മത്സ്യതൊഴിലാളിയായ പുത്തൻവേലിക്കര കോഴിത്തുരുത്ത് കളപ്പുരപ്പറമ്പിൽ കെ.ഡി. ഡിഗേഷാണ് ബോട്ട് നിർമ്മിച്ചത്. ഏഴു പേരെ കയറ്റി ചാലക്കുടിയാറിലൂടെ നടത്തിയ ‘ടെസ്റ്റ് ഡ്രൈവ്’ വിജയമായി. പതിനാറ് അടി നീളമുണ്ട് ബോട്ടിന്. പ്ലാസ്റ്റിക് ഡ്രം, ജിഐ പൈപ്പ് എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചത്. തുഴഞ്ഞു പോകാനും യന്ത്രം ഉപയോഗിച്ചു കൊണ്ടുപോകാനും കഴിയും. കോഴിത്തുരുത്തും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്കം ബാധിക്കുന്ന സ്ഥലങ്ങളാണ്. പ്രളയത്തിൽ പന്ത്രണ്ട് അടിയോളം വെള്ളം പൊങ്ങിയിരുന്നു. ഒഴുക്കുള്ള വെള്ളത്തിൽ ചെറുവഞ്ചികളിൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാണ്. ചാലക്കുടിപുഴ കടന്നുവേണം ക്യാമ്പുകളിലേയ്ക്ക് പോകാൻ. കുറഞ്ഞ ചെലവിൽ അത്യാവശ്യം വലുപ്പമുള്ള വഞ്ചി എന്ന നിലയ്ക്കാണ് ഡ്രം ബോട്ട് തയാറാക്കിയത്. മറ്റുവഞ്ചികൾ നിർമിക്കുന്നതിന്റെ പകുതി ചെലവേ ഇതിനു വരികയുള്ളൂ. രക്ഷാപ്രവർത്തനത്തിനൊപ്പം മത്സ്യബന്ധനത്തിനും ഉപയോഗിക്കുന്നതിനായി ലോക്ഡൗൺ കാലത്താണ് നിർമിച്ചത്. വള്ളം നിർമാണത്തെക്കുറിച്ച് തനിക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നെന്നും അതനുസരിച്ചാണ് നിർമ്മിച്ചതെന്നും ഡിഗേഷ് പറഞ്ഞു.