biju-and-wife

ആലുവ: നല്ലപാതി കരൾ പകുത്തു നൽകി. ഗുരുതര കരൾ രോഗം ബാധിച്ച കറുകുറ്റി സ്വദേശി ബിജു മഹാമാരിയുടെ പ്രതിസന്ധി അതിജീവിച്ച് പുതുജീവിതത്തിലേക്ക്. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ചികിത്സ. ഈ സമയം കൊവിഡ് ഉണ്ടാക്കിയേക്കാവുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് ശസ്ത്രക്രീയ നടത്തിയത്. രാജഗിരി ആശുപത്രിയിലേയും ബംഗളൂരു അപ്പോളോ ആശുപത്രിയിലേയും ഡോക്ടർമാരാണ് ബിജുവിന് ആശ്വാസമായത്.


2017ലാണ് ബിജുവിന് രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവാണെന്ന് കണ്ടെത്തിയത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ കരൾ രോഗലക്ഷണങ്ങൾ കൂടി കണ്ടെത്തി. തുടർന്നാണ് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണ് ബിജുവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഏക മാർഗമെന്ന്‌ ഡോക്ടർമാർ നിർദേശിച്ചു.

പരിശോധനയിൽ ഭാര്യ ലിജിയുടെ കരൾ ബിജുവിലേക്ക് മാറ്റി വെയ്ക്കാൻ യോജ്യമാണെന്നും സ്ഥിരീകരിച്ചു. എന്നാൽ കൊവിഡ്‌ വ്യാപന സാഹചര്യത്തിൽ ശസ്ത്രക്രിയയിൽ പങ്കെടുക്കുന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ടെക്‌നീഷ്യൻമാരുടേയും സുരക്ഷ ഉറപ്പുവരുത്തുക വെല്ലുവിളിയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് മുമ്പായി ജൂലായ് ഏഴിന് ബിജുവിന്റെയും ഭാര്യയുടെയും കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തി. ശസ്ത്രക്രിയ പൂർത്തിയായതിന് ശേഷം തീവ്ര പരിചരണവിഭാഗത്തിലെ നഴ്‌സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ വീടുകളിൽ പോകാതെയും മറ്റ് സമ്പർക്കങ്ങൾ ഒഴിവാക്കി ആശുപത്രിയിൽ തുടർന്നു. ഇന്നലെയാണ് ബിജുവും ഭാര്യയും ആശുപത്രി വിട്ടത്. രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ജോസഫ് ജോർജ്, ഡോ. ഗസ്‌നഫർ ഹുസൈൻ, ഡോ. ജോൺ മേനാച്ചേരി, അനസ്‌തേഷ്യാവിഭാഗത്തിലെ ഡോ. ശാലിനി രാമകൃഷ്ണൻ, ഡോ. വിവേക് ടി മേനാച്ചേരി, ഡോ. ജയശങ്കർ എസ്. അപ്പോളോ ആശുപത്രിയിലെ ഡോ. സഞ്ജയ്‌ഗോവിൽ എന്നിവർ ചികിത്സയിൽ പങ്കാളികളായി.