ആലങ്ങാട് : പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ബിനാനിപുരം, പറവൂർ സ്റ്റേഷനുകളിലെ പൊലീസുകാർ ആശങ്കയിലും സ്റ്റേഷനുകളുടെ പ്രവർത്തനം പ്രതിസന്ധിയിലുമായി. ആലങ്ങാട് സ്വദേശിയായ ഒരു പൊലീസുകാരനാണ് രോഗബാധ. ഇയാളെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ സ്റ്റേഷനിൽ ജോലിചെയ്തിരുന്ന പൊലീസുകാരനെ കഴിഞ്ഞ 19നാണ് ബിനാനിപുരം സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. ബുധനാഴ്ച ബിനാനിപുരത്ത് ചുമതലയേറ്റു. ഇതിനിടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾക്കൊപ്പം ജോലി ചെയ്ത പറവൂരിലെയും ബിനാനിപുരത്തേയും പൊലീസുകാർ പരിശോധനക്ക് വിധേയരാകേണ്ടിവരും.