തൃക്കാക്കര: തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റിയെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു . കരുണാലയത്തിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് നടപടി. 143 അന്തേവാസികളുള്ള തൃക്കാക്കരയിലെ വ്യദ്ധസദനത്തിലുള്ള 90 പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇവിടെ 43 അന്തേവാസികൾക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപന കാലത്തിന് മുന്നേ മാസത്തിൽ മൂന്ന് മരണം വരെ ഈ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഡോക്ടർമാരുടെ സേവനം ഊർജ്ജിതമാക്കി
തൃക്കാക്കര വൃദ്ധസദനത്തില്‍ മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. വൃദ്ധസദനത്തിൽ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പാലിയേറ്റീവ് കെയര്‍ സ്‌പെഷ്യലിസ്റ്റ്, മുഴുവന്‍സമയം ആംബുലന്‍സ് സൗകര്യം, ടെലിമെഡിസിന്‍ സൗകര്യങ്ങൾ ഉൾപ്പെടെ മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കും.
കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിൽ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ഹെൽപ്പ് ഡസ്ക് ആരംഭിക്കും
ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. ഇവിടങ്ങളില്‍ പ്രത്യേക പെരുമാറ്റച്ചട്ടവും ഏര്‍പ്പെടുത്തും. ഈ കേന്ദ്രങ്ങളില്‍ നിന്നും അത്യാവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകുവാന്‍ ഒരാൾക്ക് മാത്രമാണ് അനുമതി. ഇയാൾ കൊവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കേണ്ടതും കേന്ദ്രത്തിലെ മറ്റ് അന്തേവാസികളുമായി ബന്ധപ്പെടാന്‍ പാടില്ലാത്തതുമാണ്. വൃദ്ധസദനങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നത് രോഗവ്യാപന സാധ്യത ഇല്ലെന്ന് ഉറപ്പാക്കിയാകണം.