തൃക്കാക്കര : തീരദേശ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു. ആദ്യഘട്ടത്തില്‍ 4500 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്ക.സിവിൽ സപ്ലെയ്സ് വകുപ്പിന് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. കണ്ടക്കടവ്, ചെല്ലാനം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്ക് പുറമേ ആവശ്യമെങ്കിൽ മൊബൈൽ യൂണിറ്റുകളും കൊവിഡ് പരിശോധനക്കായി തയ്യാറാക്കും. ട്രോളിംഗ് നിരോധന കാലയളവ് തീരുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന ബന്ധനത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നിലവിൽ ഇതര സംസ്ഥാന യാനങ്ങൾക്ക് കേരളതീരത്ത് പ്രവർത്തനാനുമതി ഇല്ല . മത്സ്യ ബന്ധനമേഖലയുമായി ബന്ധപ്പെട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള വിശദമായ മാർഗരേഖ സംസ്ഥാനതലത്തിൽ തയ്യാറാകും.


കൊവിഡ് രോഗവ്യാപന പരിശോധനകൾ ഐ.സി.എം.ആർ മാർഗനിർദേശപ്രകാരമാണ് നടത്തുന്നതെന്ന് പറഞ്ഞ മന്ത്രി അടുത്തഘട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും ആന്റിജൻ ടെസ്റ്റ് ആരംഭിക്കുമെന്നും അറിയിച്ചു. നിലവിൽരോഗലക്ഷണമുള്ളവർക്ക് പുറമേ രോഗിയുമായി പ്രാഥമിക സംബർക്കമുള്ളവരെയും ഹൈ റിസ്‌ക്ക് കോൺടാക്ട്‌സുള്ളവരെയുമാണ് പരിശോധനക്ക് വിധേയരാക്കുന്നത്.രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും എഫ്.എൽ.ടി.സി നടത്തിപ്പുകൾക്കുമായി എല്ലാ പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റികൾക്കും നിശ്ചിത തുക ജില്ലാ ദുരന്തനിവാരണ അതോറിട്ടിയിൽ നിന്നും നൽകും. ജില്ലയിലെ ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റെറുകളുടെ (എഫ്.എൽ.ടി.സി) പ്രവർത്തനവും ഒരുക്കങ്ങളും മികച്ച രീതിയിൽ പുരോഗമിക്കുന്നതായി മന്ത്രി വിലയിരുത്തി. ജില്ലയില്‍ ഏഴ് എഫ്.എല്‍.ടി.സികളാണ് പ്രവർത്തിക്കുന്നത്. 6500 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. എഫ്.എൽ.ടി.സികളിൽ സന്നദ്ധ സേവനത്തിനായി നേഴ്സുമാർ ഉൾപ്പെടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കാൻ താല്‍പര്യമുള്ളവർ തയ്യാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.