പിടിച്ചത് ഒരു കിലോ സ്വർണം
ഭീകരബന്ധം റമീസിലൂടെ
കൊച്ചി : രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനും ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകാനുമാണ് നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതെന്ന് ഇന്നലെ കോടതിയിൽ ആവർത്തിച്ച എൻ.ഐ.എ, രണ്ടാം പ്രതി സ്വപ്നയുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോയോളം സ്വർണവും പിടിച്ചെടുത്തെന്നും വെളിപ്പെടുത്തി.
കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസാണ്. ലോക്ക് ഡൗൺ സമയത്ത് പരമാവധി സ്വർണം കടത്താൻ ഇയാൾ നിർബന്ധിച്ചു. റമീസിന്റെ പ്രവർത്തനങ്ങളിൽ ഭീകരബന്ധം സംശയിക്കുന്നുണ്ട്. ഇത് വിശദമായി അന്വേഷിക്കണം.
എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്‌ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് നിഗമനം.
സ്വപ്നയെയും സന്ദീപ് നായരെയും രണ്ടു ഘട്ടങ്ങളിലായി 11 ദിവസം ചോദ്യം ചെയ്തശേഷം ഇന്നലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോൾ ഡിവൈ.എസ്.പി സി. രാധാകൃഷ്‌ണപിള്ള സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
പ്രതികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയിലെ വിവരങ്ങൾ സി - ഡാക്കിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യണമെന്നും എൻ.ഐ.എ വ്യക്തമാക്കി.
പിന്നീട് കസ്റ്റഡിയിൽ വാങ്ങിയ ഒന്നാംപ്രതി സരിത്തിനെയും ഇന്നലെ കോടതിയിൽ ഹാജരാക്കി. മൂവരെയും ആഗസ്റ്റ് 21 വരെ റിമാൻഡ് ചെയ്തു.
സ്വപ്നയെക്കുറിച്ച്
കള്ളക്കടത്തിലെ പങ്കും സന്ദീപുമായും സരിത്തുമായും നടത്തിയ ഗൂഢാലോചനകളും വ്യക്തമാക്കി
സരിത്ത് ബാഗ് കൈമാറിയ സ്ഥലം ചൂണ്ടിക്കാട്ടി. ഗൂഢാലോചന നടത്തിയ സ്ഥലങ്ങളും വെളിപ്പെടുത്തി
മറ്റു പ്രതികളുമായി ചാറ്റ് പ്ളാറ്റ്ഫോമുകളിലൂടെയാണ് സന്ദേശങ്ങൾ കൈമാറിയതെന്ന് വെളിപ്പെടുത്തി.
സന്ദീപിനെക്കുറിച്ച്
ഗൂഢാലോചന നടത്തിയ 11 സ്ഥലങ്ങളും ഒളിത്താവളങ്ങളും വെളിപ്പെടുത്തി
റമീസിന്റെയും മറ്റ് ഉന്നതരുടെയും പങ്കാളിത്തം വെളിപ്പെടുത്തി
പ്രതികളുടെ മീറ്റിംഗ് ദൃശ്യങ്ങളുൾപ്പെട്ട വീഡിയോ റെക്കാഡർ കണ്ടെടുത്തു
സോഷ്യൽമീഡിയ അക്കൗണ്ട് പരിശോധിക്കുന്നു
സ്വർണവും പണവും വിവാഹസമ്മാനമെന്ന്
ലോക്കറുകളിൽ നിന്ന് കണ്ടെടുത്ത സ്വർണവും പണവും വിവാഹസമ്മാനമാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. 20 വർഷം മുമ്പ് നടന്ന സ്വപ്നയുടെ ആദ്യവിവാഹത്തിന് അഞ്ചുകിലോ സ്വർണവും 25 ലക്ഷം രൂപയും ഒരു കാറുമാണ് സമ്മാനമായി ലഭിച്ചത്. ദുബായ് രാജകുടുംബത്തിന്റെയും മറ്റും സമ്മാനങ്ങളും ഇതിലുണ്ട്. ഇതിൽ ശേഷിച്ച സ്വർണവും പണവുമാണ് ലോക്കറിലുണ്ടായിരുന്നതെന്നും പറഞ്ഞു.
സ്വപ്നയെ മക്കൾക്ക് ജയിലിൽ കാണാം
എൻ.ഐ.എയുടെ കസ്റ്റഡിയിൽ കസ്റ്റംസ് ചോദ്യം ചെയ്തപ്പോൾ മാനസികമായി പീഡിപ്പിച്ചെന്ന് സ്വപ്ന കോടതിയിൽ പറഞ്ഞു. മക്കളെ കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലിലെത്തി കാണാൻ മക്കളെ അനുവദിച്ച കോടതി പരാതിയും രേഖപ്പെടുത്തി.
തിങ്കളാഴ്ച കൊച്ചിയിലെത്താൻ എൻ.ഐ.എ നോട്ടീസ്
ശിവശങ്കർ അറസ്റ്റിലായേക്കും
കെ.എസ്.സന്ദീപ്
കൊച്ചി: തിരുവനന്തപുരത്തെ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിലെത്താൻ എൻ.ഐ.എ നോട്ടീസ് നൽകിയതോടെ, ഭീകര ബന്ധം സംശയിക്കുന്ന നയതന്ത്ര ചാനൽ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ അറസ്റ്റിന് സാദ്ധ്യതയേറി. ശിവശങ്കറിനുമേൽ ഗൂഢാലോചനക്കുറ്റം ചുമത്താനാണ് എൻ.ഐ.എയുടെ നീക്കം. കൊച്ചിയിലെ ചോദ്യം ചെയ്യലിനൊടുവിലായിരിക്കും അന്തിമ തീരുമാനം.
സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുമായി സൗഹൃദമുണ്ടെങ്കിലും സ്വർണക്കടത്തുകാരാണെന്ന് അറിയില്ലെന്നായിരുന്നു ചോദ്യംചെയ്യലിൽ ശിവശങ്കർ എൻ.ഐ.എയോടും ആവർത്തിച്ചത്. എന്നാൽ സ്വർണക്കടത്ത് ആസൂത്രണം ചെയ്ത ഫ്ളാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ശിവശങ്കറെന്നതിന് ഡിജിറ്റൽ തെളിവുകൾ നിരത്തിയതോടെ ഉത്തരം മുട്ടി. ഗൂഢാലോചനയിലെ പങ്ക് നിഷേധിക്കാനോ സമ്മതിക്കാനോ ശിവശങ്കർ തുനിഞ്ഞില്ല.
സ്വപ്നയും സന്ദീപും ഒരുമിച്ച് ഒളിവിൽ പോകുന്ന വിവരം ശിവശങ്കർ അറിഞ്ഞിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. സരിത്താണ് സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ബന്ധവും ഇടപെടലുകളും വെളിപ്പെടുത്തിയത്. യു.എ.പി.എ ചുമത്തിയതിനാൽ എത്ര മുതിർന്ന ഉദ്യോഗസ്ഥനാണെങ്കിലും അറസ്റ്റിന് സർക്കാരിന്റെ അനുമതി തേടേണ്ടതില്ല.
ശിവശങ്കറിന് മുന്നിലുള്ള സാദ്ധ്യതകൾ
മുൻകൂർ ജാമ്യത്തിന് ഇന്ന് എൻ.ഐ.എ കോടതിയെ സമീപിക്കാം. അത് അറസ്റ്റിന് തടസമാകില്ല
മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതെ ചോദ്യം ചെയ്യലിന് ഹാജരാകാം. അറസ്റ്റെങ്കിൽ ജയിലിലേക്ക്