covid
കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ വെള്ളാരംകല്ല് ഹോളി ഫാമിലി പബ്ലിക് സ്‌കൂളിൽ സജ്ജീകരിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ഒരുക്കങ്ങൾ എല്‍ദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

മൂവാറ്റുപുഴ: കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദ്ദേശത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന 12- കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറായതായി എൽദോ എബ്രാഹാം എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴ നഗരസഭയിലും 11-പഞ്ചായത്തുകളിലും സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ആദ്യകൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ വെളളാരംകല്ല് ഹോളി ഫാമിലി പബ്ലിക് സ്‌കൂളിൽ സജ്ജീകരിച്ചു. 50-ബെസുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്. 10-ബെഡുകളാണ് പ്രാരംഭഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഒരുക്കങ്ങൾ എൽദോ എബ്രഹാം എം.എൽ.എ, ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ.കെ, തഹസീൽദാർ കെ.എസ്.സതീഷൻ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. പഞ്ചായത്ത് സെക്രട്ടറി ഷൈജു വർഗീസ്, വില്ലേജ് ഓഫീസർ മജ്ഞു, പഞ്ചായത്ത് മെമ്പർമാരായ സുജിത് ബേബി, ജോർജ് ജോൺ, ഷൈനി സണ്ണി, ആനീസ് ക്ലീറ്റസ്, സ്‌കൂൾ മാനേജർ സാലി മോൻ.കെ.എസ്, പ്രിൻസിപ്പാൾ സിസ്റ്റർ ഗീത എന്നിവരും സന്നിഹിതരായി. മൂവാറ്റുപുഴ നഗരസഭയിൽ സർക്കാർ സ്‌കൂളിന്റെ ഓഡിറ്റോറിയത്തിൽ 60 ബെഡുകളും, പായിപ്രയിൽ എൻ ജിനീനിയറിംഗ് കോളേജിന്റെ ഹോസ്റ്റലിൽ 80ബെഡുകളും, വാളകത്ത് സ്വകാര്യ സ്‌കൂളിൽ 20 ബെഡുകളും, മാറാടിയിൽ സ്വകാര്യ ഓഡിറ്റോറിയത്തിൽ 60ബെഡുകളും, ആരക്കുഴയിൽ സർക്കാർ സ്‌കൂളിൽ 20ബെഡുകളും, മഞ്ഞള്ളൂർ പഞ്ചായത്തിൽ സ്വകാര്യ സ്‌കൂളിൽ 50ബെഡുകളും, പോത്താനിക്കാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ 20ബെഡുകളും, പൈങ്ങോട്ടൂർ പഞ്ചായത്തിൽ സ്വകാര്യ ആശുപത്രിയും സർക്കാർ സ്‌കൂളിലുമായി 50ബെഡുകളും, പാലക്കുഴ പഞ്ചായത്തിൽ പള്ളിയുടെ ഓഡിറ്റോറിയത്തിൽ 50ബെഡുകളും ,ആയവന പഞ്ചായത്തിൽ സ്വകാര്യ സ്‌കൂളിൽ 70ബെഡുകളും, ആവോലി ഗ്രാമപഞ്ചായത്തിൽ സ്വകാര്യ ലോഡ്ജിൽ 50 ബെഡുകളുമാണ് സജ്ജീകരിക്കുന്നത്. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെല്ലാം തന്നെ ഒന്നാം ഘട്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സെന്ററുകളിലെ കുറവ് വരുന്ന ഉപകരണങ്ങൾ എം.എൽ.എ, ആർ.ഡി.ഒ, തഹസീൽദാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ച് നൽകും. നിയോജക മണ്ഡലത്തിലെ സെന്ററുകളിലൊന്നും രോഗികൾ എത്തിയിട്ടില്ല.