swapna

കൊച്ചി : സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ജൂലായ് 29 ന് പരിഗണിക്കാൻ മാറ്റി. കേസിൽ നിരപരാധിയാണെന്നും യു.എ.പി.എ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും അവകാശപ്പെടുന്ന ജാമ്യാപേക്ഷ ഇന്നലെ വാദംകേൾക്കാനിരുന്നതാണ്. ഇന്നലെ ഹർജി പരിഗണിച്ച കോടതി വിശദമായ വാദത്തിന് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

സ്വപ്‌നയും സന്ദീപും ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് നേരത്തെ എൻ.ഐ.എ ഡിവൈ.എസ്.പി സി. രാധാകൃഷ്‌ണപിള്ള നൽകിയ കസ്റ്റഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം നൽകിയാൽ പ്രതികൾ ഒളിവിൽപോകുമെന്നും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു. ബുധനാഴ്ച സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എൻ.ഐ.എയ്ക്കു വേണ്ടി അസി. സോളിസിറ്റർ ജനറൽ ഹാജരാകുമെന്നാണ് സൂചന.