1

തൃക്കാക്കര : സ്വർണക്കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ ശക്തികളുടെയും സംഗമസ്ഥലമായി സെക്രട്ടേറിയറ്റിനെ മാറ്റിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ഫാസിസ്റ്റുകൾക്ക് കേരളത്തെ അടിയറവെക്കുന്ന കാര്യത്തിൽ ഇടതു-വലതു മുന്നണികൾ ഒരേ തൂവൽപക്ഷികളാണെന്ന് കേരളജനതയ്ക്ക് ബോദ്ധ്യമായെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത്, മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, മണ്ഡലം ട്രഷറർ വി.ടി. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു. നിയോജകമണ്ഡലത്തിലെ വിവിധ ഏരിയകളിൽ അഡ്വ. അശോകൻ, ജിനീഷ്, ദിലീപ്കുമാർ, അഡ്വ. കിഷോർകുമാർ, ബി.ടി. സുബ്രഹ്മണ്യൻ, സമോദ് കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.