മൂവാറ്റുപുഴ: മൂവാറ്റുപുഴ-പണ്ടപ്പിള്ളി-കൂത്താട്ടുകുളം ലിങ്ക് റോഡ് നവീകരണത്തിന് തുടക്കമായി. റോഡിലെ ഓടകളുടെയും കലുങ്കുകളുടെയും നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. റോഡ് ബി.എം, ബി.സി നിലവാരത്തിൽ ടാർചെയ്യുന്നതിന് സെൻട്രൽ റോഡ് ഫണ്ടിൽ നിന്നാണ് (സി.ആർ.എഫ്)16-കോടി രൂപ അനുവദിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ നഗരസഭയിൽ നിന്നും ആരംഭിച്ച് മാറാടി, ആരക്കുഴ, പാലക്കുഴ, കൂത്താട്ടുകുളം നഗരസഭയിൽ അവസാനിക്കുന്ന 16.5-കിലോ മീറ്റർ വരുന്ന റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് ഓടകളും, കലുങ്കുകളും നവീകരിക്കുന്നതിനോടൊപ്പം റോഡിന്റെ ഇരു സൈഡിലും കോൺഗ്രീറ്റിംഗ് നടത്തുകയും ചെയ്തശേഷം ദിശാബോർഡുകൾ , റിഫ്ളക്റ്റർ ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
പൈപ്പ് ലൈൻ നവീകരണം നടക്കുന്നു
റോഡ് നവീകരണത്തിന് മുമ്പായി മൂവാറ്റുപുഴ-പണ്ടപ്പിള്ളി-കൂത്താട്ടുകുളം ലിങ്ക് റോഡിലെ കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പുകൾ മാറ്റണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ, ആരക്കുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വള്ളമറ്റംകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിൽ ജലസേജന വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് ജലവിഭവ വകുപ്പിൽ നിന്നും 2.20-കോടി രൂപ അനുവദിച്ചിരുന്നു. എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുമടക്കം 2.70-ലക്ഷം രൂപ മുതൽ മുടക്കി റോഡിലെ പൈപ്പ് ലൈനുകൾ മാറ്റുന്ന നിർമ്മാണ പ്രവർത്തനങ്ങളും നടന്ന് വരികയാണ്.
നവീകരണത്തിന് ഏറെ പഴക്കം
2017ലെ സംസ്ഥാന ബജറ്റിൽ മൂവാറ്റുപുഴ-കൂത്താട്ടുകുളം ലിങ്ക് റോഡിന് 25-കോടി രൂപയാണ് പ്രഖ്യാപിച്ചിരിന്നത്. 20 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. 50-ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലമേറ്റെടുക്കലിന് മാത്രം 304-കോടി രൂപ ആവശ്യമായി വരും. ഇതിന് പുറമേ ഇലക്ട്രിക് ലൈനുകളും പൈപ്പ് ലൈനുകൾ മാറ്റുന്നതിനും നിർമ്മാണത്തിനുമായി 167- കോടിരൂപയും അടക്കം 471-കോടി രൂപയുടെ ഡീറ്റേൽഡ് പ്രൊജക്ടാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.
നിർമ്മാണം പ്രതിഷേധത്തിനൊടുവിൽ
സ്ഥലമേറ്റെടുക്കലിന് കാലതാമസം നേരിടുന്നതിനാൽ റോഡ് നിർമ്മാണം അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു. റോഡ് ബി.എം, ബി.സി, നിലവാരത്തിൽ ടാർചെയ്യണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെയാണ് എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് മുൻ എം.പി ജോയ്‌സ് ജോർജ് റോഡ് സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തിയതും ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതും.