കൊച്ചി : ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി പശ്ചിമകൊച്ചിയിലെ രാമേശ്വരം - കൽവത്തി കനാലിലെ ഒഴുക്കു നിലച്ചെന്നും ഇതുമൂലം കൊതുകു പെരുകുന്നതിനാൽ സാംക്രമിക രോഗങ്ങൾ പകരാനിടയുണ്ടെന്നും ഇറിഗേഷൻ വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. രാമേശ്വരം കനാലിന്റെ ശുചീകരണം ആവശ്യപ്പെട്ട് പരിസരവാസികൾ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ജൂൺ 11 നാണ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പരിശോധന നടത്തിയത്. ഇതിനു മുമ്പുതന്നെ രാമേശ്വരം കനാലിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നതായി കൊച്ചി നഗരസഭ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതു ശരിയല്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ഹൈക്കോടതി വിശദമായ സത്യവാങ്മൂലം നൽകാൻ നഗരസഭക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.