ആലുവ: ആലുവ ലാർജ് ക്ലസ്റ്ററിൽ ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് നേരിയ ആശ്വാസമായി. കർഫ്യൂ നിലനിൽക്കുന്ന ആലുവ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലുമായി 17 പേർക്കാണ് രോഗം ബാധിച്ചത്. വ്യാഴാഴ്ച മേഖലയിൽ 43 പേർക്കായിരുന്നു രോഗം.
കടുങ്ങല്ലൂർ പഞ്ചായത്തിൽ ഒരാൾക്കുപോലും ഇന്നലെ രോഗം സ്ഥിരീകരിച്ചില്ല. ചൂർണിക്കരയിൽ രണ്ട് സ്ത്രീകൾക്കും മൂന്ന് പുരുഷൻമാർക്കും രോഗമുണ്ട്. ഒരു പൊലീസ് ഓഫീസർ ഉൾപ്പടെ നാല് പേർക്കാണ് ആലങ്ങാട് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ സ്ത്രീകളാണ്. ബിനാനിപുരം സ്റ്റേഷനിലെ പൊലീസ് ഓഫീസർക്കാണ് രോഗം. കരുമാലൂർ പഞ്ചായത്തിൽ 14 വയസുള്ള ആൺകുട്ടിക്കും 22, 28 വയസ് പ്രായമുള്ള സ്ത്രീകൾക്കും രോഗമുണ്ടായിട്ടുണ്ട്.
കീഴ്മാട് സ്വദേശിയായ 55 കാരനും കീഴ്മാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകനായ വാഴക്കുളം സ്വദേശിക്കും (51) രോഗം സ്ഥിരീകരിച്ചു. ആലുവ സ്വദേശി (69), ചെങ്ങമനാട് സ്വദേശി (26), എടത്തല സ്വദേശിനി (32) എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.