നെടുമ്പാശേരി : കൊവിഡ് വ്യാപനത്തെത്തുടർന്ന് ചെങ്ങമനാട് പഞ്ചായത്തിൽ കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അത്താണി - മാഞ്ഞാലി റോഡ് അടച്ചു. കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളുടെ അതിർത്തിയായ ചുങ്കം കവലയിലും നെടുമ്പാശേരി പഞ്ചായത്തിന്റെ അതിർത്തിയായ പുത്തൻതോട് കവലയിലുമാണ് റോഡ് അടച്ചത്. ഇരു സ്ഥലങ്ങളിലും പൊലീസ് പിക്കറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.

നോർത്ത് പറവൂർ ഭാഗത്ത് നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെക്ക് അടക്കം എത്തിച്ചേരാനുള്ള പ്രധാന റോഡാണ് അടച്ചത്. ഇതോടെ ഈ ഭാഗത്ത് നിന്ന് നെടുമ്പാശേരിയിലേക്ക് വരുന്നവർ വെടിമറയിൽ നിന്നുതിരിഞ്ഞ് പറവൂർ കവലവഴി പോകണം. അങ്കമാലി ഭാഗത്തേക്ക് പോകുന്നവർ ചാലാക്കൽ ജംഗ്ഷനിൽ നിന്നോ കുറ്റിയാൽ ജംഗ്ഷനിൽ നിന്നോ ഇടത്തേയ്ക്ക് തിരിഞ്ഞ് കുറുമശേരി വഴി പോകണം.