virus

കോലഞ്ചേരി: ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെറ്ററുകളൊരുക്കാൻ നെട്ടോട്ടമോടി ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും. സുമനസുകളുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സെന്ററുകളിലും ആവശ്യമായ അനുബന്ധ ഉപകരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. സമൂഹ അടുക്കള നടത്തിപ്പിന്റെ ഭാരിച്ച ചെലവ് പൊതുജനങ്ങളിൽ നിന്നാണ് പല പഞ്ചായത്തുകളും കണ്ടെത്തിയത്.

ഇതിനാൽ എഫ്.എൽ.ടി.സിയുടെ ചെലവുകൾക്കായി പൊതുജനങ്ങളെ സമീപിക്കാനാവില്ലെന്ന് ജനപ്രതിനിധികൾ പറയുന്നു. സൗകര്യ പ്രദമായ കെട്ടിടം കണ്ടെത്തുകയായിരുന്നു ആദ്യ കടമ്പ. പഞ്ചായത്തുകളെല്ലാം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനി കട്ടിൽ, കിടക്ക, തലയിണ, പുതപ്പ്, സോപ്പ്, സാനി​റ്റൈസർ, പി.പി.ഇ കി​റ്റ്, ജലസേചന സൗകര്യം, ശൗചാലയ സൗകര്യം, വൈദ്യുതി തുടങ്ങിയവ ഉറപ്പാക്കണം. വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ടിവി എന്നിവയും വേണം. മാലിന്യ സംസ്‌കരണ സംവിധാനമാണ് ബുദ്ധിമുട്ടിക്കുന്ന മറ്റൊരുഘടകം.

എഫ്.എൽ.ടി.സിയിലേക്ക് ശുചീകരണ തൊഴിലാളികൾ, സെക്യൂരി​റ്റി ജീവനക്കാർ എന്നിവരെ പഞ്ചായത്തുകൾ ആളെ കണ്ടെത്തണം. ഇവർക്ക് വേതനവും ഉറപ്പ് വരുത്തണം. ഇതോടൊപ്പം ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ വിഭാഗം ജീവനക്കാരുടെ ഡ്യൂട്ടി കാലാവധിക്കുശേഷം ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യവും പഞ്ചായത്ത് ഒരുക്കണം. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും കൊവിഡ് പ്രതിരോധത്തിൽ ഒട്ടും പിന്നിലാകാതെ മുന്നേറുകയാണ് പഞ്ചായത്തുകൾ. ഇരുപത്തി അഞ്ചു ലക്ഷം രൂപയോളം ഓരോ സെന്ററിനുവേണ്ടി മുടക്കേണ്ടി വരുമെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.