-high-court-of-kerala-

കൊച്ചി : ക്രിസ്തുമതവിശ്വാസികളുടെ മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്യുന്നതിനുള്ള അവകാശം സംരക്ഷിക്കുന്നതിന് സർക്കാർ കൊണ്ടുവന്നനിയമം ഒാർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്കുമാത്രം ബാധകമാക്കിയത് നിയമവിരുദ്ധമാണെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും വിവിധ സഭാനേതൃത്വങ്ങളുടെയും വിശദീകരണം തേടി. കാത്തലിക് ലേമെൻ അസോസിയേഷന്റെ സെൻട്രൽ എക്സിക്യൂട്ടീവ് സെക്രട്ടറി എം.എൽ.ജോർജ്, തിരൂർ കാത്തലിക് അസോസിയേഷൻ സെക്രട്ടറി ടി.ജെ. വർഗീസ് എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി.

ക്രിസ്തുമത വിശ്വാസികളുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ അടക്കം ചെയ്യാനുള്ള അവകാശം സംരക്ഷിക്കുന്നതിന് ഇൗ വർഷമാണ് സർക്കാർ നിയമംകൊണ്ടുവന്നത്. സഭാഭേദമില്ലാതെ എല്ലാവർക്കും ബാധകമാകുന്ന വിധം ജനുവരിയിൽ ഒാർഡിനൻസും പിന്നീടു ബില്ലും കൊണ്ടുവന്നു. അതിന് ശേഷമാണ് ഒാർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്കു മാത്രമാക്കി ബില്ലിൽ മാറ്റം വരുത്തിയത്. ചർച്ചയ്ക്ക് അവസരം നൽകാതെ രണ്ടാഴ്ചയ്ക്കകം സർക്കാർ ഇതു നിയമമാക്കിയെന്നും സഭകളിൽ നിന്നുള്ള എതിർപ്പുകൾ ഭയന്നാണ് സർക്കാർ പിന്നാക്കം പോയതെന്നും ഹർജിക്കാർ ആരോപിക്കുന്നു.

സഭാനേതൃത്വവും വിശ്വാസികളും കാനോനിക നിയമത്തിന്റെ പേരു പറഞ്ഞ് മൃതദേഹം സംസ്കരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നത് വ്യാപകമാണെന്നും ഇതു തടയാൻ നിയമത്തിലൂടെ സാധിക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഒാർത്തഡോക്‌സ് - യാക്കോബായ തർക്കത്തെത്തുടർന്ന് പല പള്ളി സെമിത്തേരികളിലും മൃതദേഹം സംസ്കരിക്കുന്നതു തടയുന്നസ്ഥിതി ഉണ്ടായെന്നും ഇതൊഴിവാക്കാനാണ് നിയമം കൊണ്ടുവന്നതെന്നും സർക്കാർ വിശദീകരിച്ചു. ഹർജിയിൽ വിശദമായ വാദംകേൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.