അങ്കമാലി: കൊവിഡ് 19 വ്യാപനം തടയുന്നതിന് മൂക്കന്നൂരിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് നടപടികളായി. പഞ്ചായത്തിന്റെ പതിനാല് വാർഡുകളിലും വാർഡ് ജാഗ്രതാ സമിതികൾ ചേർന്ന് വാർഡുകളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ശക്തമായ നിരീക്ഷണം നടത്തും. പത്ത് വയസിൽ താഴെയുള്ള കുട്ടികളും, വയോജനങ്ങളും ക്വറന്റൈനിൽ കഴിയുന്നവരും വീടുകൾ വിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ക്ലസ്റ്റർ തോറും നിരീക്ഷണ സ്‌ക്വാഡുകൾ രൂപീകരിക്കും.
വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ 8 മുതൽ വൈകീട്ട് 6 വരെയായിരിക്കും. ഞായറാഴ്ചകളിൽ പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ആചരിക്കും.താബോർ ഹോളിഫാമിലി ചർച്ച് പാരിഷ്ഹാളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തന സജ്ജമായി. 60 പേരെ പ്രവേശിപ്പിക്കാവുന്ന സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആകുന്ന കേസുകളിൽ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ചികിത്സ നൽകുന്നതിനുള്ള സംവിധാനങ്ങളാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ക്രമീകരിച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രദേശത്ത് 12 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇവരിൽ 2 പേർ നെഗറ്റീവ് ആയി. 7ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി റോജി.എം.ജോൺ എം.എൽ.എ വിളിച്ചു ചേർത്ത യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗ്ഗീസ്, കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ.തരിയൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എസ് മൈക്കിൾ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.സോമൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി.ബിബീഷ്, മെഡിക്കൽ ഓഫീസർ ഡോ.അനുരൂപ് ജോസഫ്, സെക്രട്ടറി കെ.കെ പ്രശാന്ത് എന്നിവർ സംബന്ധിച്ചു.