ആറുമാസം മുമ്പ് മണ്ണോട് മണ്ണായ ഹോളിഫെയ്ത്ത് എച്ച് ടു ഒ, ആൽഫ സെറീനിലെ ഇരട്ട കെട്ടിടങ്ങൾ, ഗോൾഡൻ കായലോരം, ജെയിൻ കോറൽകോവ് എന്നിവയിൽ താമസിച്ചിരുന്നവരുടെ സങ്കടങ്ങൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല, പൊളിച്ചുമാറ്റിയ ഫ്ലാറ്റുകൾക്ക് ചുറ്റും താമസിക്കുന്നവരുടെ ആശങ്കയും!
കൊച്ചി: ഭിത്തിയിലുണ്ടായ വിള്ളലിന്റെ വിടവിലൂടെ വെയിൽവെട്ടം അകത്തടിക്കും. കരിങ്കൽ ചീളുകൾ വീണ് ടെറസിലുണ്ടായ വിള്ളലിലൂടെ മഴവെള്ളം അടുക്കളയിലും വീഴും. ആശിച്ചു മോഹിച്ചു പുതുക്കിപ്പണിത വീടിന്റെ അവസ്ഥയ്ക്ക് കാരണക്കാരായവർ കൈ കഴുകുന്നതിന്റെ വേദനയിലാണ് മരട് കണിയാംപറമ്പിൽ വീട്ടിൽ അജിത്തും ഭാര്യ രമയും. സുപ്രീംകോടതി ഉത്തരവ് പ്രകാരം കൊച്ചി നഗരത്തിൽ പച്ചപ്പിന് നടുവിൽ തലയുയർത്തി നിന്ന അംബരചുംബികളായ നാല് പാർപ്പിട സമുച്ചയങ്ങൾ നിലംപതിച്ചത് മലയാളികൾ മറന്നുകാണില്ല. സംഭവം നടന്ന് ആറുമാസം പിന്നിട്ടു. പക്ഷേ, ഫ്ലാറ്റുകളിലൊന്നിന് സമീപം താമസിച്ചിരുന്ന അജിത്തിന്റെ നെഞ്ചിലെ കനം ഒട്ടും കുറഞ്ഞിട്ടില്ല. ഫ്ലാറ്റ് പൊളിച്ചപ്പോൾ വീടിനുണ്ടായ വിള്ളൽ കാരണം അജിത്തിനും രമയ്ക്കും ഇതുവരെ തിരികെ വീട്ടിലെത്തി താമസിക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറിയുടെ കത്ത് ഇവർക്ക് കിട്ടി. വീടിനുണ്ടായ എല്ലാ കേടുപാടുകളും തീർത്തെന്നും പരാതികളൊഴിവാക്കിയെന്നുമാണ് കത്തിലെ ചുരുക്കം! മുഖ്യമന്ത്രിയ്ക്ക് അജിത്ത് നൽകിയ പരാതിയ്ക്ക് മറുപടിയായാണ് നഗരസഭാ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിച്ചടുക്കിയ എഡിഫൈസ് എൻജിനീയറിംഗും വിജയ സ്റ്റീൽസും വീടുകൾക്ക് കേടുപാട് തീർത്തുകൊടുത്തിട്ടുണ്ടെന്ന് കത്തിൽ പറയുമ്പോൾ ഇതുവരെ ആരും വന്ന് അന്വേഷിച്ചിട്ടുപോലുമില്ലെന്ന് ഹൃദ്രോഗികൂടിയായ അജിത്ത് പറയുന്നു.
വാടകവീട് ഒഴിയാനാവാതെ
10 ലക്ഷം രൂപ വായ്പയെടുത്ത് ഒരു വർഷം മുമ്പാണ് അജിത്ത് വീട് പുതുക്കി പണിതത്. നിലവിൽ വീടിന്റെ ഒരു മുറി മുഴുവൻ പൊളിച്ച് പണിയേണ്ട അവസ്ഥയാണ്. ഫ്ലാറ്റ് പൊളിക്കുന്ന പണികൾ തുടങ്ങിയപ്പോഴുണ്ടായ പൊടിശല്യവും ശബ്ദവും കാരണം ഡിസംബർ 20ന് വാടകവീട്ടിലേക്ക് മാറി. മൂന്നു മാസത്തെ വാടക മരട് മുനിസിപ്പാലിറ്റി നൽകി. പിന്നീട് കൈയിൽ നിന്ന് നൽകേണ്ടി വന്നു. നാശനഷ്ടങ്ങൾ കണ്ട് ബോദ്ധ്യപ്പെട്ട എൻജിനീയർമാർ നാലര ലക്ഷത്തോളം രൂപ ഇൻഷ്വറൻസിന് അർഹതയുണ്ടെന്ന് അംഗീകരിച്ചെങ്കിലും ഒരു രൂപ പോലും ലഭിച്ചിട്ടില്ല. കമ്പനിക്കെതിരെ കേസ് നൽകാമെന്ന് മരട് നഗരസഭ വാക്ക് നൽകിയിരിക്കെയാണ് നഗരസഭാ സെക്രട്ടറിയുടെ കത്ത് വന്നത്. ബ്രസീലിലെ കപ്പൽ ജോലിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തുന്ന മകൻ അഖിലിന് വിള്ളലുള്ള വീടാണ് ക്വാറന്റൈൻ കേന്ദ്രമാക്കിയിട്ടുള്ളത്.
''മറ്റാരോ ചെയ്ത തെറ്റിന് ഇപ്പോൾ ദു:ഖം അനുഭവിക്കുന്നത് ഞങ്ങളാണ്. ഞങ്ങളുടെ തെറ്റ് കൊണ്ടാണ് വീട് ഇങ്ങനെയായത് എന്ന മട്ടാണ് അധികൃതർക്ക് ഇപ്പോൾ. ''
അജിത്ത്
കണിയാംപിള്ളിൽ വീട്
മരട്