മൂവാറ്റുപുഴ: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സജ്ജമാക്കുന്ന ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് (എഫ്.എൽ.ടി ) ആവശ്യമായ വിവിധ വസ്തുക്കളുമായി നിരവധി സുമനസുകൾ മൂവാറ്റുപുഴ തഹസിൽദാർ ഓഫീസിലേക്ക് എത്തുന്നു. എൽദോഎബ്രാഹാം എം.എൽ.എ നടത്തിയ സഹായാഹ്വാനത്തിന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്.
നഗരസഭയിലും പഞ്ചായത്തുകളിലുമായി 12കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാണുള്ളത്.മൂവാറ്റുപുഴ താലൂക്ക് ഓഫീസിലാണ് സംഭരണകേന്ദ്രം പ്രവർത്തിക്കുന്നത്. എം. എൽ. എക്ക് പുറമെ ആർ.ഡി.ഒ ചന്ദ്രശേഖരൻ നായർ.കെ, തഹസീൽദാർ കെ.എസ്. സതീശൻ എന്നിവർ വിഭവസമാഹരണത്തിന് നേതൃത്വം നൽകുന്നു.
ഓൾ കേരള യൂസഡ് വെഹിക്കിൾ ഡീലർ ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി സമാഹരിച്ച അഞ്ച് കട്ടിൽ, ബെഡ്, ബഡ് ഷീറ്റ്, തലയണ, ബക്കറ്റ്, കപ്പ്, സാനിറ്റൈസർ, മാസ്‌ക്, തോർത്ത്, ചൂൽ, അടിച്ച് വാരി, സോപ്പ് തുടങ്ങിയവ എം. എൽ .എയുടെ സാന്നിദ്ധ്യത്തിൽ ആർ. ഡി.ഒയ്ക്ക് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് എൻ.യു. അമീർ കൈമാറി. തഹസിൽദാർ കെ.എസ്. സതീശൻ, ഡെപ്യൂട്ടി തഹസീൽദാർ വി.എ. ഷംസ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി അബ്ദുൾ സമദ്, താലൂക്ക് സെക്രട്ടറി കെ.എം.നസീർ, ജോയിന്റ് സെക്രട്ടറി അഷറഫ് ബദരിയ്യ, എക്‌സിക്യുട്ടീവ് അംഗം മക്കാർ തോപ്പിൽ എന്നിവർ പങ്കെടുത്തു.
ഓൾ കേരള ജാർ വാട്ടർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അസീസ് ഒയാസിസ് നൽകിയ 3000 കുപ്പിവെള്ളവും ആർ.ഡി.ഒ ഏറ്റുവാങ്ങി. മൂവാറ്റുപുഴ വൈ.എം.സി.എ 25 ബഡ് ഷീറ്റ്, 25ബാത്ത് ടൗവൽ, 25ടർക്കി എന്നിവയും തഹസിൽദാർക്ക് കൈമാറി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പഞ്ചായത്തുകളും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും ഉൾപ്പെടുത്തി താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചും പാമ്പാക്കട ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്തുകളും പിറവം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റികളും ഉൾപ്പെടുത്തി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം കേന്ദ്രീകരിച്ചുമാണ് വിഭവസമാഹരണം നടക്കുന്നത്.
# സമാഹരിക്കുന്നത് ഇവ
കട്ടിലുകൾ, എക്സ്റ്റെൻഷൻ ബോർഡുകൾ, കിടക്ക, ബെഡ് ഷീറ്റ്, തലയണ, തോർത്ത്, പുതപ്പ്, സർജിക്കൽ മാസ്‌ക് പി. പി. ഇ കിറ്റ്, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ, ഇലക്ട്രിക് ഫാൻ, സ്പൂൺ, ജഗ്, മഗ്, ബക്കറ്റ്, സോപ്പ്, ഹാൻഡ് സാനിറ്റൈസർ, ചെറിയ ബിന്നുകൾ, കസേര, ബെഞ്ച്, സാനിറ്ററി പാഡുകൾ, ഡയപ്പർ, പേപ്പർ, പേന, മാസ്‌ക്, എമർജൻസി ലാംപ്, മെഴുകുതിരി, കുടിവെള്ളം, വസ്ത്രങ്ങൾ അലക്കാനുള്ള സംവിധാനങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനം, റെഫ്രിജറേറ്റർ, അഗ്‌നിശമന ഉപകരണങ്ങൾ എന്നിവയാണ് സമാഹരിക്കുന്നത്.