ആലുവ: ആലുവ കൊവിഡ് ലാർജ് ക്ളസ്റ്ററിൽ വീണ്ടും കൊവിഡ് മരണം. കീഴ്മാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം കാവലഞ്ചേരി വീട്ടിൽ ചെല്ലപ്പൻ (72) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച്ച ഉച്ചയോടെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് അശോകപുരത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് രാജഗിരിയിലേക്കും മാറ്റുകയായിരുന്നു. രാജഗിരിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആശുപത്രിയിലെത്തിയ ഭാര്യയുടെയും മകന്റെയും സ്രവം പരിശോധിച്ചെങ്കിലും നെഗറ്റീവാണ്. വീടുകൾ കയറിയിറങ്ങി കളിപ്പാട്ടങ്ങൾ വില്പന നടത്തുന്ന ചെല്ലപ്പൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം കച്ചവടത്തിന് പോയിട്ടില്ല. വെള്ളിയാഴ്ച്ച രാവിലെ വീട്ടുപറമ്പിലെ ജോലികൾ ചെയ്യുന്നതിനിടെയാണ് ചെല്ലപ്പന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് വരാന്തയിലേക്കെത്തി ഇരുന്നപ്പോഴേക്കും കുഴഞ്ഞുവീണു.
നേരത്തെ പനിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ഭാര്യ: സതി. മക്കൾ: സന്തോഷ് (സ്കൂട്ടർ വർക്ക് ഷോപ്പ്, വാഴക്കുളം), സന്ധ്യ. മരുമക്കൾ: ഗ്രീഷ്മ, രാജേഷ്.
കീഴ്മാട് പഞ്ചായത്തിലെ രണ്ടാമത്തെ കൊവിഡ് മരണം
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് ടെസ്റ്റിൽ പോസിറ്റീവായ രണ്ടാമത്തെയാളുടെ മരണമാണ് ഇന്നലെ നടന്നത്. ആദ്യത്തെയാളുടെ മരണശേഷം നടന്ന കൊവിഡ് ടെസ്റ്റിലാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. അതിനാൽ സർക്കാരിന്റെ കൊവിഡ് മരണപട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇന്നലത്തെയാൾ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
എസ്.ഡി. സിസ്റ്റേഴ്‌സിന് കീഴിലുള്ള കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ചുണങ്ങംവേലി സെന്റ് മേരീസ് പ്രോവിൻസ് കോൺവെന്റിലാണ് ഹൃദയാഘാതം മൂലം മരിച്ച കുഴുപ്പിള്ളി മഠാംഗമായിരുന്ന സിസ്റ്റർ ക്ലെയറിനെ സംസ്കരിച്ചത്. മരണ ശേഷം സിസ്റ്ററിനും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് കീഴ്മാട് ഗ്രാമപഞ്ചായത്ത്. നിലവിൽ 150ലേറെ രോഗികളുണ്ട്. ഒന്നാമത് ചെല്ലാനം ഗ്രാമപഞ്ചായത്താണ്.
പകൽവീട്ടിൽ കിടന്നുറങ്ങിയ കീഴ്മാട് ജി.ടി.എൻ കൃപക്ക് സമീപം കുളങ്ങര വീട്ടിൽ കളങ്ങര വീട്ടിൽ രാജീവന്റെ മരണമാണ് പഞ്ചായത്തിൽ ആദ്യം കൊവിഡ് മരണമായി സ്ഥിരീകരിച്ചത്. ഏറെ സമയമായിട്ടും അനക്കമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചെന്ന് ബോദ്ധ്യമായത്. തുടർന്ന് നടന്ന പരിശോധനയിലാണ് കൊവിഡ് പോസറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് എടത്തല സി.ഐ ഉൾപ്പെടെയുള്ള 14 പേർ ഇപ്പോഴും ക്വാറന്റെയിനിലാണ്.
ആലുവ മേഖലയിൽ വെളിയത്തുനാട്ടിലെ കുഞ്ഞുവീരാന്റെയും എടത്തലയിലെ ബൈഹക്കിയുടെയും മരണം മാത്രമാണ് കൊവിഡ് പട്ടികയിലുള്ളത്. അത്താണിയിൽ ബൈക്കപടത്തിൽ മരിച്ച ചൂർണിക്കര സ്വദേശിക്ക് മരണശേഷം പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.