പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മാല്യങ്കര ഇരുപതാം വാർഡിൽ എസ്.എൻ.എം കോളേജ് വനിതാ ഹോസ്റ്റൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പറവൂർ തഹസിൽദാർ എം.എച്ച്. ഹരിഷിന്റെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റൽ പരിശോധിക്കാനെത്തിയപ്പോഴാണ് വാർഡ് മെമ്പർ ലൈസ അനിലിന്റെ നേതൃത്വത്തിൽ എത്തിയ നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചത്. ജനങ്ങൾ തിങ്ങിപാർക്കുന്ന ഇവിടെ നിരവധി വൃദ്ധജനങ്ങളും ഗുരുതരമായ രോഗങ്ങളുള്ളവരും താമസിക്കുന്നുണ്ടെന്നും സമീപവാസിയായ പൊതുപ്രവർത്തകൻ ടി.സി. ബിനീഷ് പറഞ്ഞു. ഹോസ്റ്റലിന്റെ ശുചിമുറിയിൽ നിന്നും മാലിന്യം ഒഴുകി സമീപത്ത് എത്തുന്നുണ്ടെന്നും പ്രദേശവാസികളുടെ പരിസരത്തേക്കാണെന്നും ടി.സി. ബിനീഷ് പരാതിപ്പെട്ടു. പഞ്ചായത്ത് പരിധിയിലെ ജനവാസം കുറഞ്ഞ മേഖലകളിലേക്ക് കേന്ദ്രം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. ജനങ്ങളുടെ പരാതി പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പു നൽകിയിട്ടുണ്ട്.